Site iconSite icon Janayugom Online

350 താരങ്ങള്‍ ലേലത്തിന്; 1005 പേരെ ഒഴിവാക്കി, ഡി കോക്കും സ്മിത്തും ഐപിഎല്‍ ചുരുക്ക പട്ടികയില്‍

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) താരലേലത്തിനുള്ള താരങ്ങളുടെ അന്തിമപട്ടിക പുറത്ത് വിട്ട് ബിസിസിഐ. വരാനിരിക്കുന്ന ലേലത്തില്‍ 350 താരങ്ങളാണ് പങ്കെടുക്കുക. രജിസ്റ്റർ ചെയ്തിരുന്ന 1390 കളിക്കാരിൽനിന്ന് 1005 പേരെ ഒഴിവാക്കിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ചുരുക്കപട്ടികയില്‍ 240 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 110 വിദേശ കളിക്കാരും ലേലത്തിനുണ്ടാവും. 224 ഇന്ത്യന്‍ താരങ്ങള്‍ അന്താരാഷ്ട്ര മത്സരം കളിക്കാത്തവരാണ്. വിദേശ താരങ്ങളില്‍ 14 പേര്‍ അണ്‍ക്യാപ്ഡ് പ്ലെയേഴ്‌സ്. ആകെ 77 സ്ലോട്ടുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 31 എണ്ണം വിദേശ താരങ്ങള്‍ക്കായുള്ളതാണ്. നേരത്തേ പട്ടികയിൽ ഇല്ലാതിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിനെ ഉള്‍പ്പെടുത്തി. ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഡികോക്കിനെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം. 

വിരമിക്കൽ തീരുമാനം പിൻവലിച്ച രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ഡികോക്ക്, ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയിരുന്നു. ഒരു കോടി രൂപ അടിസ്ഥാന വിലയ്ക്കാകും ഡികോക്ക് ലേലത്തിൽ പങ്കെടുക്കുക. ലേലത്തില്‍ 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി 77 താരങ്ങളെയാണ് വേണ്ടത്. അതില്‍ 31 എണ്ണം വിദേശ താരങ്ങള്‍. രണ്ട് കോടി രൂപയാണ് താരങ്ങളുടെ ഉയര്‍ന്ന അടിസ്ഥാനത്തുക. രണ്ട് കോടി രൂപയില്‍ 40 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്തിമപട്ടികയിൽ‌ നേരത്തെ രജിസ്റ്റര്‍ ചെയ്യാത്ത 35 താരങ്ങളെ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. ശ്രീഹരി നായര്‍, ജിക്കു ബ്രൈറ്റ് എന്നിവരാണ് ആ താരങ്ങള്‍. ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള ഒമ്പത് താരങ്ങളും ഒന്നേകാൽ കോടി അടിസ്ഥാന വിലയുള്ള നാല് താരങ്ങളുമുണ്ട്. 

എന്നാൽ ഇന്ത്യക്കാർ ഈ പട്ടികയിലില്ല. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 17 താരങ്ങളിൽ മൂന്ന് ഇന്ത്യക്കാരുണ്ട്. ആകാശ് ദീപ്, രാഹുൽ ചെഹർ, ഉമേഷ് യാദവ്. നിരവധി പുതുമുഖങ്ങള്‍ ഇത്തവണ ലേലത്തിനുണ്ട്. അഫ്ഗാനിസ്ഥാന്റെ അറബ് ഗുൽ, വെസ്റ്റിൻഡീസിന്റെ കീം അഗസ്റ്റെ എന്നിവർ കരിയറിൽ ആദ്യമായി ലേല പട്ടികയിലിടം നേടി. ശ്രീലങ്കയുടെ ട്രാവീൻ മാത്യു, ബിനുര ഫെർണാണ്ടോ, കുശാൽ പെരേര, ദുനിത് വെല്ലലഗെ എന്നിവരും ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത്, ജോണി ബെയര്‍‌സ്റ്റോ, ന്യൂസിലാന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഡെവോണ്‍ കോണ്‍വേ, ശ്രീലങ്കന്‍ താരങ്ങളായി വാനിന്ദു ഹസരംഗ, മതീഷ പതിരാന എന്നിവരും ലേലപട്ടികയിലുണ്ട്. ഈ മാസം 16ന് ഉച്ചയ്ക്ക് 2:30ന് ലേല നടപടികള്‍ ആരംഭിക്കും. 

Exit mobile version