ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന അവകാശികളില്ലാത്ത പണം പരിശോധിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ സ്ഥാപിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. രാജ്യത്തെ ബാങ്കുകളിൽ ഉടനീളം കിടക്കുന്ന അവകാശം ഉന്നയിക്കാത്ത പണം പരിശോധിക്കുന്നതിന് വെബ്സൈറ്റ് പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പണനയ യോഗത്തിന് ശേഷം അറിയിച്ചു.
ഡിസംബര്‍ 2020 മുതല്‍ ഫെബ്രുവരി 2023 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകളിലുള്ള അവകാശികളില്ലാത്ത പണത്തില്‍ 70 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാഡ് അറിയിച്ചിരുന്നു. 2019നെ അപേക്ഷിച്ച് കോവിഡിന് ശേഷം അനാഥപ്പണം ഇരട്ടിയായെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. 2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ആര്‍ബിഐയ്ക്ക് പൊതുമേഖലാ ബാങ്കുകള്‍ കൈമാറിയ അവകാശികളില്ലാത്ത പണം 35,012 കോടി വരും.
സാധാരണ ഗതിയില്‍ ഒരു അക്കൗണ്ട് രണ്ട് വര്‍ഷത്തിലധികം പ്രവര്‍ത്തനരഹിതമായാല്‍ അത് നിര്‍ജീവ അക്കൗണ്ടായി മാറും.
മിക്കവാറും അക്കൗണ്ട് ഉടമകളുടെ മരണത്തിന് ശേഷമാണ് ഇത് സംഭവിക്കുക. പിന്‍ഗാമികള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലാത്ത സാഹചര്യത്തില്‍ അവകാശികളില്ലാത്ത പണത്തിന്റെ അക്കൗണ്ടിലേക്ക് ഇതും മാറ്റപ്പെടുന്നു. പത്തുവര്‍ഷക്കാലത്തിലധികം നിര്‍ജീവമായി കിടക്കുന്ന അക്കൗണ്ടിലെ പണം ആര്‍ബിഐയിലേക്ക് മാറ്റപ്പെടുന്നു. ഇത്തരത്തില്‍ 10 വര്‍ഷമോ അതിലധികമോ കാലമായി പ്രവര്‍ത്തിക്കാത്ത അക്കൗണ്ടുകളിലെ അനാഥ പണത്തിന്റെ കണക്കും മറ്റ് വിവരങ്ങളും ബാങ്ക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കണം എന്നാണ് ചട്ടം. വ്യക്തിയുടെ പേര്, വിലാസം, പിൻ കോഡ് അല്ലെങ്കിൽ ഫോൺ നമ്പർ വിശദാംശങ്ങൾ ഇതിനായി നല്‍കണം. തുടര്‍ന്ന് യഥാര്‍ത്ഥ അവകാശിക്ക് പണം കൈപ്പറ്റാനുള്ള വഴി തേടി ബാങ്കിനെ സമീപിക്കാവുന്നതാണ്. എല്ലാ ബാങ്കുകളിലും ഒറ്റയടിക്ക് തുക പരിശോധിക്കാൻ പൊതുവായ പോർട്ടൽ സഹായിക്കുമെന്ന് ആര്‍ബിഐ പറയുന്നു.
English Summary;35,012 crore in banks without claimants; RBI to open public website
You may also like this video