Site iconSite icon Janayugom Online

നഗരസഭകളിൽ 354 അധിക തസ്തികകൾ

നഗരസഭകളിൽ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്തികകൾ അടിയന്തരമായി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു.

അക്കൗണ്ട്സ് ഓഫീസർ-ആറ്, അക്കൗണ്ട്സ് അസിസ്റ്റന്റ്- 93, ഹെൽത്ത് ഓഫീസർ-രണ്ട്, ഹെൽത്ത് സൂപ്പർവൈസർ-51, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് I‑അഞ്ച്, ഗ്രേഡ് II- ആറ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് I- 11, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II- 180 എന്നിങ്ങനെയാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. വിവിധ നഗരസഭകളുടെയും മുൻസിപ്പൽ ചെയർമെൻസ് ചേംബറിന്റെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം.

കണക്കുകളും അക്കൗണ്ടുകളും കൃത്യമായി സൂക്ഷിക്കുന്നതിനും പരിശോധന നടത്തുന്നതിനും ആവശ്യമായ ജീവനക്കാരില്ലാത്തത് നഗരസഭകളുടെ സുതാര്യമായ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എല്ലാ കോർപറേഷനുകളിലും അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികകളും മുൻസിപ്പാലിറ്റികളിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയും സൃഷ്ടിക്കാൻ തീരുമാനിച്ചത്.

മാലിന്യനിർമ്മാർജനവും ആരോഗ്യപരിപാലനവും ഉൾപ്പെടെയുള്ള മേഖലകളിൽ മികച്ച ഇടപെടൽ നടത്താൻ പുതിയ തസ്തികകളുടെ സൃഷ്ടിക്കലിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികമികവുള്ള കൂടുതലാളുകൾ നഗരഭരണത്തിലേക്ക് കടന്നുവരുന്നതോടെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഗ്രാമപഞ്ചായത്തുകളിൽ 505 ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തസ്തികയും സൃഷ്ടിച്ചിരുന്നു.

Eng­lish Sum­ma­ry: 354 addi­tion­al posts in municipalities

You may also like this video

Exit mobile version