Site icon Janayugom Online

പ്രധാനമന്ത്രിക്ക് 360 കോടിയുടെ വസതി

പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയുടെ നിർമ്മാണത്തിന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) നടപടികള്‍ തുടങ്ങി. 360 കോടിയുടെ പദ്ധതിക്കുള്ള ടെണ്ടറിന് മുന്നോടിയായി യോഗ്യതാപത്രം ക്ഷണിച്ചു. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായി, ടെണ്ടര്‍ പ്രക്രിയയിൽ പങ്കെടുക്കുന്നതിനാണ് നിർമ്മാണ കമ്പനികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചത്.
രാഷ്ട്രപതി ഭവന്‍ സൗത്ത് ബ്ലോക്കിനോട് ചേർന്ന്, ദാരാ ഷിക്കോ റോഡിലെ എ ആന്റ് ബി ബ്ലോക്കുകളിലെ ഡിആർഡിഒ കെട്ടിടത്തിന് എതിർവശത്തായിരിക്കും പ്രധാനമന്ത്രിയുടെ വസതി സമുച്ചയം. പ്രധാനമന്ത്രിയുടെ വസതി, ഹോം ഓഫീസ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഓഫീസ്, സേവാ സദൻ, ഗസ്റ്റ് ഹൗസ്, ബേസ്മെന്റ് പാർക്കിങ് എന്നിവ ഉൾപ്പെടെ 21,000 ചതുരശ്ര മീറ്ററായിരിക്കും വിസ്തൃതി. മലിനജല ശുദ്ധീകരണ പ്ലാന്റ്, മഴവെള്ള സംഭരണി, 25 വാച്ച് ടവറുകൾ, സുരക്ഷാ സംവിധാനങ്ങളോടുകൂടിയ നാല് എൻട്രി/എക്സിറ്റ് ഗേറ്റുകൾ എന്നിവയുമുണ്ടാകും.
360 കോടിയുടെ പദ്ധതി പൂർത്തിയാക്കാൻ 21 മാസമെടുക്കുമെന്ന് കണക്കാക്കുന്നു. അഞ്ച് വർഷത്തേക്കുള്ള നിർമ്മാണവും അറ്റകുറ്റപ്പണിയും കരാര്‍ വ്യവസ്ഥയിലുണ്ട്. യോഗ്യതാപത്രം ഒക്ടോബർ 14 വരെ സമര്‍പ്പിക്കാം. അതിനുശേഷം യോഗ്യതയുള്ള കരാറുകാരോട് അവരുടെ സാമ്പത്തിക സ്ഥിതി സമർപ്പിക്കാൻ ആവശ്യപ്പെടുമെന്ന് സിപിഡബ്ല്യുഡി പറയുന്നു.

Eng­lish sum­ma­ry; 360 crore res­i­dence for Prime Minister
you may also like this video:

Exit mobile version