ഗാസയിൽ ഇസ്രയേൽ വെടിവയ്പുകളിലും ബോംബിങ്ങിലും 4 കുട്ടികളടക്കം 37 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ താൽക്കാലികകൂടാരങ്ങളിൽ കഴിയുന്നവരും ഭക്ഷണം തേടിയെത്തിയവരുമാണു കൊല്ലപ്പെട്ടത്. പട്ടിണിമൂലം ഇന്നലെ 2 പേർ കൂടി മരിച്ചു. ഇതോടെ പട്ടിണിമരണം 112 കുട്ടികളടക്കം 273 പേരായി. പട്ടിണി വ്യാപിച്ച ഗാസ സിറ്റി ക്ഷാമമേഖലയായി യുഎൻ ഏജൻസിയായ ഐപിസി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഗാസ സിറ്റി ഇപ്പോഴും ഹമാസ് ശക്തികേന്ദ്രമാണെന്നും അവരെ തകർക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ ആവർത്തിച്ചു.
അതേസമയം, യെമനിൽ നിന്നു തൊടുത്ത മിസൈൽ ആകാശത്തുവച്ച് തകർത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തു. ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതുൾപ്പെടെ മൂന്ന് ആക്രമണങ്ങൾ നടത്തിയെന്ന് ഹൂതി വക്‌താവ് യഹ്യ സരീ അവകാശപ്പെട്ടു.
അതിനിടെ, ഇസ്രയേലിനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള ബില്ലിന് നെതർലൻഡ്സ് പാർലമെന്റിൽ പിന്തുണ കിട്ടാതെ വന്നതോടെ, വിദേശകാര്യമന്ത്രി കാസ്പർ വെൽഡ്‌കാംപ് രാജിവച്ചു. ജൂണിൽ മറ്റൊരു ഘടകകക്ഷി പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്ന സർക്കാർ ഇതോടെ കൂടുതൽ പ്രതിസന്ധിയിലായി. ഒക്ടോബറിലാണ് രാജ്യത്തു പൊതുതെരഞ്ഞെടുപ്പ്.

