Site iconSite icon Janayugom Online

കോട്ടയത്ത് നീര്‍പക്ഷികളില്‍ 37 ശതമാനം വര്‍ധന

ജില്ലയിലെ നീർപക്ഷികളിൽ 37 ശതമാനം വർധനവെന്ന് സൂചന. ഏഷ്യൻ ശീതകാല നീർപക്ഷി സർവേയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പും കോട്ടയം നേച്ചർ സൊസൈറ്റിയും സംയുക്തമായി വേമ്പനാട്ടുകായലിന്റെ ചുറ്റുമുള്ള പത്തിടങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2022 ൽ 57 ഇനങ്ങളിലായി 10,247 പക്ഷികളാണ് ജില്ലയിലുണ്ടായിരുന്നത്. ഇപ്പോഴത് 67 ഇനങ്ങളിലായി 14,178 ആയി. 23 വർഷത്തിനിടെ ആദ്യമായാണ് നീർപക്ഷി ഇനങ്ങളുടെ എണ്ണം ഇത്രയധികം ഉയർന്നത്. എണ്ണത്തിൽ കൂടുതൽ നീർക്കാക്കകളാണ്. അതിനു താഴെ കൊക്കു വർഗക്കാരാണ്. മൂന്നാമത് കഷണ്ടി കൊക്കുകളാണ്. 

കൂടുതൽ പക്ഷികളെ കണ്ടെത്തിയത് വേമ്പനാട്ടുകായലിലാണ്. 1510 ചെറിയ നീർക്കാക്ക, 901 ചെമ്പൻ അരിവാൾകൊക്കൻ, 145 ചെറിയ മീവൽക്കാട, 135 കരി ആള, 73 ചൂളൻ എരണ്ട എന്നിങ്ങനെ നീളുന്നു പക്ഷികളുടെ എണ്ണം. തണ്ണീർമുക്കം ബണ്ടിൽ കരി ആളകളുടെ എണ്ണം വർധിച്ചു. നെടുമുടി പൂതപ്പാണ്ടി സെക്ടറിൽ കാലിമുണ്ടികളായിരുന്നു കൂടുതൽ. കുറവ് പക്ഷികളെ കണ്ടത് കുമരകം പക്ഷിസങ്കേതത്തിലാണ്. കൃഷ്ണപ്പരുന്തുകളുടെ എണ്ണം 162 ൽ നിന്ന് 296 ആയി. തൊള്ളായിരം കായൽ ഭാഗത്ത് കണ്ട 125 ചങ്ങാലി പ്രാവുകൾ കൗതുക കാഴ്ചയായി. 

ജനുവരി മൂന്നാമത്തെ ഞായറാഴ്ച രാവിലെ 6 മുതൽ 10 വരെയായിരുന്നു സർവേ. 50 പക്ഷിനിരീക്ഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കെ ടി ഡി സി പക്ഷിസങ്കേതം, തൊള്ളായിരം കായൽ, കൈപ്പുഴ മുട്ട്, തണ്ണീർമുക്കം ബണ്ട്, വേമ്പനാട്ടു കായൽ, പാതിരാമണൽ, പള്ളാത്തുരുത്തി, നെടുമുടി പൂതപ്പാണ്ടി കായൽ, കോട്ടയം കുമരകം റോഡ്, നാരകത്തറ എന്നിവിടങ്ങളിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 

Eng­lish Summary;37 per­cent increase in water birds in Kottayam

You may also like this video

Exit mobile version