Site iconSite icon Janayugom Online

അയോധ്യ രാമക്ഷേത്ര വഴിയിലെ 3800 വഴിവിളക്കുകൾ മോഷണം പോയി

അയോധ്യയിലെ രാമക്ഷേത്ര വഴിയിൽ സ്ഥാപിച്ച 3800 വഴിവിളക്കുകൾ മോഷണം പോയതായി പരാതി. അതീവ സുരക്ഷാമേഖലയിൽ സ്ഥാപിച്ച വഴിവിളക്കുകളാണ്‌ മോഷണം പോയത്‌. കരാറുകാരൻ കഴിഞ്ഞദിവസം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ്‌ വിളക്കുകൾ മോഷണം പോയ വിവരം പുറത്തറിയുന്നത്‌. വഴിവിളക്കുകള്‍ക്ക് 50 ലക്ഷം രൂപവിലവരുന്നതായി കരാറുകാരന്റെ പരാതിയിൽ പറയുന്നു. 3800 ബാംബു ലൈറ്റുകളും 36 ഗോബോ ലൈറ്റുകളുമാണ് മോഷ്ടിക്കപ്പെട്ടത്. രാമ​ക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയായ രാം പാതയിലും ഭക്തിപാതയിലും സ്ഥാപിച്ച ലൈറ്റുകളാണ് മോഷ്ടിച്ചത്. രാമക്ഷേത്ര പരിസരത്തെ വലിയ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് മോഷണം നടന്നതെന്നതും ശ്രദ്ധേയം. 

സ്വകാര്യസ്ഥാപനങ്ങളായ യാഷ് എന്റർപ്രൈസസും കൃഷ്ണ ഓട്ടോമൊബൈൽസും 6,400 മുള വിളക്കുകളും 96 പ്രൊജക്ടര്‍ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ഈ മാസം ഒമ്പതിനാണ് പൊലീസിന് പരാതി ലഭിച്ചത്. കരാറുകമ്പനി പ്രതിനിധി ശേഖര്‍ ശര്‍മയാണ് പരാതിക്കാരന്‍. മാര്‍ച്ച് 19 വരെ എല്ലാ വിളക്കുകളും അതാതിടങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് ശേഖര്‍ ശര്‍മ പറഞ്ഞു. മേയ് ഒമ്പതിന് നടത്തിയ പരിശോധനയിലാണ് ചില വിളക്കുകള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. വിശദമായ പരിശോധനയില്‍ ഇതില്‍ 3,800 മുള വിളക്കുകളും 36 പ്രൊജക്ടര്‍ ലൈറ്റുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നും ശേഖര്‍ ശര്‍മ പറഞ്ഞു. സംഭവത്തില്‍ രാം ജന്മഭൂമി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: 3800 traf­fic lights on Ayo­d­hya Ramk­shetra road were stolen
You may also like this video

Exit mobile version