Site iconSite icon Janayugom Online

ലഡാക്കിലെ 38,000 ചതുരശ്ര കിലോമീറ്റർ ചൈനയുടെ നിയന്ത്രണത്തില്‍

ലഡാക്കിലെ 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശത്ത് കഴിഞ്ഞ ആറ് പതിറ്റാണ്ടായി ചൈന അനധികൃത അധിനിവേശം തുടരുകയാണെന്ന് കേന്ദ്രം.

1963‑ൽ ഒപ്പുവച്ച ചൈന‑പാകിസ്ഥാൻ അതിർത്തി ഉടമ്പടി പ്രകാരം, ലഡാക്കില്‍ പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്ന് ഷക്‌സ്‌ഗാം താഴ്‌വരയിലെ 5,180 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം പാകിസ്ഥാൻ നിയമവിരുദ്ധമായി ചൈനയ്ക്ക് വിട്ടുകൊടുത്തതായും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. 1963‑ലെ ചൈന‑പാകിസ്ഥാൻ അതിർത്തി ഉടമ്പടി ഇന്ത്യൻ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും ഇത് നിയമവിരുദ്ധവും അസാധുവാണെന്നും കേന്ദ്രം പറയുന്നു.

കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെ ചൈന നിർമ്മിക്കുന്ന പാലം അനധികൃത അധിനിവേശ പ്രദേശങ്ങളിലാണുള്ളതെന്നും കേന്ദ്രം മറ്റൊരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു. 1962 മുതൽ ചൈനയുടെ അനധികൃത അധിനിവേശത്തിന് കീഴിൽ തുടരുന്ന പ്രദേശങ്ങളിലാണ് ഈ പാലം നിർമ്മിക്കുന്നതെന്നും ഇന്ത്യ‑ചൈന അതിർത്തിയിലെ സ്ഥിതി സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ഇന്ത്യൻ സർക്കാർ ഒരിക്കലും ഈ നിയമവിരുദ്ധമായ അധിനിവേശം അംഗീകരിച്ചിട്ടില്ല. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മറ്റ് രാജ്യങ്ങൾ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സർക്കാർ നിരവധി അവസരങ്ങളിൽ വ്യക്തമാക്കിയിട്ടുളളതാണെന്നും കേന്ദ്രം പറഞ്ഞു. അരുണാചൽ പ്രദേശിലെ സ്ഥലങ്ങള്‍ ചൈന പുനർനാമകരണം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചും പ്രതികരണത്തില്‍ കേന്ദ്രം പരാമര്‍ശിക്കുന്നുണ്ട്.

eng­lish sum­ma­ry; 38,000 square kilo­me­ters of Ladakh under Chi­nese control

you may also like this video;

Exit mobile version