Site iconSite icon Janayugom Online

നിര്‍മ്മാണത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ കെട്ടിക്കിടക്കുന്നത് 38,209 കോടി

കെട്ടിട‑മറ്റു നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ സമാഹരിച്ച 38,209 കോടി രൂപ കെട്ടിക്കിടക്കുന്നു. അതേസമയം കേരളം സമാഹരിച്ചതിനെക്കാള്‍ കൂടുതല്‍ തുക ആനുകൂല്യമായി വിതരണം ചെയ്തു. തൊഴിലാളികളില്‍ നിന്നും കെട്ടിട ഉടമകളില്‍ നിന്നും വിഹിതമായി സമാഹരിച്ച തുകയുടെ നവംബര്‍ ഒന്നുവരെയുള്ള കണക്കാണിത്. ഇതുവരെയായി 87,478.79 കോടി രൂപയാണ് ബോര്‍ഡ് സമാഹരിച്ചത്. അതില്‍ 49,269.20 കോടി രൂപ ആനുകൂല്യങ്ങളായി ചെലവഴിച്ചുവെന്ന് തൊഴില്‍ സഹമന്ത്രി രാമേശ്വര്‍ തേലി രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ പറഞ്ഞു. കേരളം 2740.95 കോടി രൂപ വിഹിതമായി സമാഹരിച്ചപ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 4399 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. 

ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാതെയുള്ളത് മഹാരാഷ്ട്രയിലാണ്, 8408 കോടി രൂപ. ഇവിടെ 14,273 കോടി രൂപയാണ് വിഹിതമായി സമാഹരിച്ചത്. തമിഴ്‌നാട് 5511.96 കോടി രൂപ സമാഹരിച്ചതില്‍ 2098.47 കോടി രൂപ ചെലവഴിച്ച് 3413.49 കോടി രൂപ സൂക്ഷിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ 2387, ഡല്‍ഹി 2179.94, ഹരിയാന 2034, ആന്ധ്രാപ്രദേശ് 1979, ഉത്തര്‍പ്രദേശ് 1958, രാജസ്ഥാന്‍ 1761, അസം 1726, ബിഹാര്‍ 1388, മധ്യപ്രദേശ് 1103 കോടി രൂപ വീതം ചെലവഴിക്കാതെയുണ്ടെന്ന് മറുപടിയില്‍ പറയുന്നു. 

സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ കണക്കു പ്രകാരം 20,45,538 തൊഴിലാളികളാണ് കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ളത്. രാജ്യത്താകെ 5.06 കോടി അംഗങ്ങളുണ്ട്. 2019–20ല്‍ 37,35,904, 2020–21ല്‍ 1,08,78,111, 2021–22ല്‍ 97,73,917 വീതം പുതിയ അംഗങ്ങള്‍ ചേര്‍ന്നു.

Eng­lish Summary:38,209 crore pend­ing in the Con­struc­tion Work­ers Wel­fare Fund Board
You may also like this video

Exit mobile version