Site iconSite icon Janayugom Online

പൗരത്വം ഉപേക്ഷിച്ച് 4.22 ലക്ഷം പേര്‍

മോഡി സര്‍ക്കാര്‍ അധികാരമേറ്റ 2014ന് ശേഷം രാജ്യത്ത് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം 4.22 ലക്ഷത്തിലധികം പേര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. 2024ല്‍ 2.06 ലക്ഷത്തിലധികവും അതിന് മുമ്പത്തെ വര്‍ഷം 2.16 ലക്ഷവുമാണ് വിദേശങ്ങളിലേക്ക് കുടിയേറിയത്. 2022‑ല്‍ 2.25 ലക്ഷത്തിലധികം പേരും 2021‑ല്‍ 1.6 ലക്ഷവും 2020ല്‍ 85,256 ഉം 2019‑ല്‍ 1.4 ലക്ഷവും 2018ല്‍ 1.34 ലക്ഷവും 2017ല്‍ 1.33 ലക്ഷവും മറ്റ് രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയെന്നും വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വർധന്‍ സിങ് രാജ്യസഭയെ അറിയിച്ചു. 

പൗരത്വം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ശേഷം ജില്ലാ കളക്ടറോ, കോണ്‍സുലാര്‍ ഓഫിസറോ യഥാര്‍ത്ഥ പാസ്‍പോര്‍ട്ട് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. 30 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍ക്കായി എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും രേഖകള്‍ നല്‍കും. ഇതിന് ശേഷം നിരാകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പറഞ്ഞു. പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തിപരമാണ്, അത് അതത് വ്യക്തികള്‍ക്ക് മാത്രമേ അറിയൂ എന്നും സര്‍ക്കാര്‍ പറയുന്നു. 

Exit mobile version