Site iconSite icon Janayugom Online

ആധാർ ലിങ്കിങ്ങിന്റെ പേരില്‍ പുറത്തായത് 4.57 കോടി തൊഴിലാളികള്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ ആധാർ — ഇ കെവൈസി ആയുധമാക്കി മോഡി സര്‍ക്കാര്‍. ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയതോടെ ഒരുമാസത്തിനുള്ളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് പുറത്തായത് 27 ലക്ഷത്തിലധികം തൊഴിലാളികൾ. 2019– 25 കാലത്ത് രാജ്യത്തുടനീളം 4.57 കോടി ജോബ് കാർഡുകൾ ഇല്ലാതാക്കിയെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്‌സഭയെ അറിയിച്ചു. ഗ്രാമവികസന മന്ത്രാലയം നവംബർ ഒന്ന് മുതൽ എല്ലാ തൊഴിലാളികൾക്കും ആധാർ അധിഷ്ഠിത ഇ കെവൈസി നിർബന്ധമാക്കിയിരുന്നു. ഓരോ തൊഴിലാളിയും നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം അറ്റൻഡൻസ് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും തത്സമയ ഫോട്ടോ എടുത്ത് അവരുടെ ആധാർ ചിത്രവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ അപ്ഡേറ്റ് ചെയ്യുകയും വേണം. രജിസ്റ്റർ ചെയ്ത 27.6 കോടി തൊഴിലാളികളോട് ഈ പ്രക്രിയ ഉടൻ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടത്.

സെപ്റ്റംബർ 10ന്, ജോബ് കാർഡ് പുതുക്കുന്നതിന് ഇ കെവൈസി നിർബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബർ 31 നകം തൊഴിലാളികൾ മുഖപരിശോധന പൂർത്തിയാക്കണമെന്ന് നിര്‍ദേശം വന്നു. ഇ കെവൈസി പൂർത്തിയാക്കിയ തൊഴിലാളികൾക്ക് മാത്രമേ എൻഎംഎംഎസ് ഹാജർ ലഭ്യമാകൂ. ഇല്ലാത്തവർ സ്വയമേവ തൊഴിലില്‍ നിന്ന് പുറത്താക്കപ്പെടും. ഡിജിറ്റല്‍ നിരക്ഷതയും കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും മൂലം ലക്ഷക്കണക്കിന് തൊഴിലാളികള്‍ പുറത്താവുകയായിരുന്നു. രജിസ്റ്റർ ചെയ്ത 27.6 കോടി തൊഴിലാളികളിൽ 10.6 കോടി പേരാണ് ഇ കെവൈസി പൂർത്തിയാക്കിയത്. 17 കോടി നൽകിയിട്ടില്ല. 12.1 കോടി സജീവ തൊഴിലാളികളിൽ 7.3 കോടി പേര്‍ നടപടി പൂർത്തിയാക്കി. ഒക്ടോബർ 10നും നവംബർ 12 നും ഇടയിൽ മാത്രം 27 ലക്ഷം തൊഴിലാളികളെ ഇങ്ങനെ പുറത്താക്കി. ഏറ്റവും കൂടുതൽ ഇ കെവൈസി പൂർത്തീകരണമുള്ള സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ ഇല്ലാതാക്കലുകൾ ഉണ്ടായപ്പോൾ, മഹാരാഷ്ട്ര പോലുള്ള കുറഞ്ഞ പൂർത്തീകരണമുള്ള സംസ്ഥാനങ്ങളിൽ കുറവ് ഇല്ലാതാക്കലുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കണക്ടിവിറ്റി കുറവുള്ള പ്രദേശങ്ങളിലെ തൊഴിലാളികൾക്കും കാലഹരണപ്പെട്ട ആധാർ ഫോട്ടോകൾ ഉള്ളവർക്ക് ഇത് ലിങ്കിങ് അസാധ്യമാണ്. 2022–23 ൽ, എബിപിഎസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉദ്യോഗസ്ഥർക്ക് ഏകദേശം ഒരു വർഷം സമയം നല്‍കിയപ്പോള്‍, 2025ൽ, മുഴുവൻ സജീവ തൊഴിലാളികൾക്കും ഇ കെവൈസി പൂർത്തിയാക്കാൻ ഒരു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇല്ലാതാക്കലുകളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു. 

Exit mobile version