ഡല്‍ഹിയില്‍ പിതാവ് നാലുവയസ്സുകാരിയെ അടിച്ചു കൊന്നു. വൻഷിക എന്ന കുട്ടിയെയാണ് പിതാവ് കൃഷ്ണ ജയ്‌സ്വാള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഒന്ന് മുതല്‍ 50 വരെ ശരിയായി എഴുതാത്തതില്‍ പ്രകോപിതനായ പിതാവ് ചപ്പാത്തിക്കോലുകൊണ്ട് കുട്ടിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.ഭാര്യ രഞ്ജിതയോട് കുഞ്ഞ് കളിക്കുന്നതിനിടെയില്‍ പടിക്കെട്ടില്‍ നിന്ന് വീണെന്നാണ് പ്രതി പറഞ്ഞത്. ഏഴ് വയസ്സുള്ള മകൻ പിന്നീട് നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു. അച്ഛൻ സഹോദരിയെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് സഹോദരൻ നല്‍കിയ മൊഴിക്ക് പിന്നാലെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്. അമ്മയോട് ഇക്കാര്യം പറയുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പൊലീസ് അറിയിച്ചു. ബിഎൻഎസിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

