Site iconSite icon Janayugom Online

40 വര്‍ഷത്തെ ശീലം മറന്നില്ല: ഈ വേനലിലും ശശികുമാറെത്തി ഐസ്ക്രീം മധുരവുമായി

പത്തനംതിട്ട ജില്ലയിലെ മുക്കിലും മൂലയിലും ശശികുമാറിന്റെ ഐസ്ക്രീം വണ്ടിയുടെ ശബ്ദം കേട്ടാൽ കൊച്ചു കുട്ടികൾ ഓടി എത്തും. ഐസ്ക്രീം കച്ചവട മേഖലയിൽ അത്രയ്ക്കും സുപരിചിതനാണ് പന്തളം സ്വദേശി വാളാക്കോട് ശശികുമാർ എന്ന അറുപത്തിയാറുകാരൻ 1984 ൽ ആണ് ശശികുമാർ ആദ്യമായി ഐസ്ക്രീം വില്പന ആരംഭിക്കുന്നത്. ആധുനിക സൗകര്യങ്ങളോ വാഹനങ്ങളോ ഇല്ലാതിരുന്ന കാല ഘട്ടത്തിൽ സൈക്കിളിൽ ആയിരുന്നു ജില്ലയിൽ ഉടനീളം ശശികുമാറിന്റെ യാത്ര. പന്തളത്ത് നിന്നും ബസിൽ കയറ്റി പത്തനംതിട്ടയിൽ സൈക്കിൾ എത്തിച്ചതിന് ശേഷം കച്ചവടം കഴിഞ്ഞ് തിരികെ സൈക്കിൾ ബസിൽ കയറ്റി പന്തളത്ത് എത്തിക്കും . കൂട്ടുകാരായി അന്ന് ജില്ലയുടെ പല ഭാഗത്ത് നിന്നായി ഏഴ് കച്ചവടക്കാർ കൂടി ശശികുമാറിന് ഒപ്പം ചേർന്നിരുന്നു. ഇതിൽ ചിലർ മരണപെട്ടുപോയി. മറ്റ് ചിലർ ഐസ്ക്രീം കച്ചവടം ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്കും ബിസിനസുകളിലേക്കും വഴി മാറി പോയി. എങ്കിലും ശശികുമാർ ഈ മേഖലയിൽ നാല്പത് വർഷം ചുവട് ഉറപ്പിച്ച് നിന്നു.

ആദ്യ കാലത്ത് കോൽ ഐസ്ക്രീമും പാൽ, മുന്തിരി ഐസ്ക്രീമുകളും അടക്കം വിരലിൽ എണ്ണാവുന്ന ഐസ്ക്രീമുകൾ മാത്രമേ ആളുകൾക്ക് പരിചിതം ആയിരുന്നുള്ളു. കാലങ്ങൾ കഴിഞ്ഞതോടെ ചോക്കോ ബാറും കുൽഫിയും അടക്കം വിപണി കീഴടക്കി എന്നും ശശികുമാർ പറയുന്നു. ഇദ്ദേഹം ഓരോ ദിവസവും ആവശ്യമായ ഐസ്ക്രീം സ്വന്തമായാണ് നിർമ്മിക്കുന്നത്. ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കി വെക്കുന്ന ശീലവും ഇല്ല. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇതിന്റെ അസംസ്‌കൃത വസ്തുക്കൾ എത്തിക്കുന്നത്. കൂൾ ബാറുകളും ഓട്ടോ റിക്ഷകളിൽ ഉള്ള കച്ചവടവും എല്ലാം വിപണി കൈയടക്കിയതോടെ ഇരുചക്ര വാഹനങ്ങളിൽ കച്ചവടം സാധാരണക്കാരായ കച്ചവടക്കാരെ സാരമായി ബാധിച്ചു എന്നും ശശികുമാർ പറയുന്നു. എങ്കിലും ജീവിക്കുന്ന കാലത്തോളം ഈ തൊഴിൽ താൻ മുന്നോട്ട് കൊണ്ടുപോകും എന്നും ശശികുമാർ ഉറപ്പ് നൽകുന്നു. ഭാര്യ തങ്കമ്മയും മക്കളായ ശരത്തും ശ്യാമും ശാലിനിയും ഇവരുടെ കുടുംബവും എല്ലാം ശശികുമാറിന്റെ ഈ തൊഴിലിന് പിന്തുണയുമായി ഒപ്പമുണ്ട്.

Eng­lish Sum­ma­ry: 40 years old habit not for­got­ten: Sasiku­mar comes this sum­mer too with ice cream sweet

You may also like this video

Exit mobile version