Site iconSite icon Janayugom Online

ഡല്‍ഹി വ്യാപാരമേഖലയ്ക്ക് 400 കോടിയുടെ നഷ്ടം

ജി20 ഉച്ചകോടിയെ തുടര്‍ന്ന് ഡല്‍ഹിയിലെ കടകള്‍ക്കും റസ്റ്ററെന്റുകള്‍ക്കും 400 കോടിയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടതിനെതുടര്‍ന്ന് 9,000 ഡെലിവറി തൊഴിലാളികളെയും ഉച്ചകോടി ബാധിച്ചതായി ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാഫിക്ക് നിയന്ത്രണത്തെതുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ തുടര്‍ന്നതിനാല്‍ നിയന്ത്രണ മേഖലക്ക് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളെയും ഉച്ചകോടി ബാധിച്ചതായി വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ അടച്ചിടലില്‍ ന്യൂഡല്‍ഹിയിലെ വ്യാപാരികള്‍ക്ക് 300 മുതല്‍ 400 കോടി വരെ നഷ്ടമാണ് ഉണ്ടായതെന്ന് ന്യൂഡല്‍ഹി ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അതുല്‍ ഭാര്‍ഗവ അറിയിച്ചു. ജി20നോടനുബന്ധിച്ച് എട്ട് മുതല്‍ 10വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുകയായിരുന്നു. ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും റസ്റ്ററെന്റുകളില്‍ വന്ന് കഴിക്കുന്നവരുടെ എണ്ണത്തിലും ഡെലിവറിയിലും 50 ശതമാനം കുറവുണ്ടതായി റസ്റ്ററെന്റ് പ്രതിനിധികളും വ്യക്തമാക്കി.

ഡല്‍ഹിയില്‍ വ്യാപാരം 50 ശതമാനവും ഗുരുഗ്രാമില്‍ 20 ശതമാനവും കുറഞ്ഞതായി വ്യാപാരിയായ രോഹിത് അഗര്‍വാള്‍ പറഞ്ഞു. വിദേശ സന്ദര്‍ശകരുടെ ഷോപ്പിങ് ആകര്‍ഷകങ്ങളായ ഖാൻ മാര്‍ക്കറ്റ്, കൊണോട്ട് പ്ലെയ്സ്, ജൻപഥ് എന്നിവിടങ്ങളിലും വലിയ നഷ്ടമാണ് ഉണ്ടായത്.
സര്‍ക്കാര്‍ രേഖകളില്‍ രണ്ടുദിവസത്തെ ഉച്ചകോടിക്കായി 4100 കോടി രൂപ ചെലവായെന്നാണ് കണക്കുകള്‍. 2023–24 ബജറ്റില്‍ 990 കോടിയാണ് ജി20 ഉച്ചകോടിക്കായി അനുവദിച്ചിരുന്നത്. അതായത് ബജറ്റിലനുവദിച്ച തുകയുടെ നാലിരട്ടിയാണ് പരിപാടിക്കായി ചെലവഴിച്ചത്.

Eng­lish summary;400 crore loss to Del­hi busi­ness sector

you may also like this video;

Exit mobile version