Site iconSite icon Janayugom Online

ശബരിമലയിലെ വരുമാനം 440 കോടി

ശബരിമലയിൽ മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് 440 കോടി രൂപ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. കഴിഞ്ഞ വർഷത്തേക്കാൾ 86 കോടിയുടെ വർധനവുണ്ടായി. ഇത്തവണ അഞ്ച് ലക്ഷത്തിലധികം ഭക്തർ അധികമായി എത്തി. പരാതിരഹിതമായി ശബരിമല തീർത്ഥാടനകാലം പൂർത്തിയാക്കിയത് ചരിത്ര മുഹൂർത്തമായി മാറി. ദർശനത്തിനെത്തിയ ഭക്തർ സംതൃപ്തിയോടെയാണ് മലയിറങ്ങിയത്. ഇതിന് കാരണമായത് 25 വകുപ്പുകളുടെ കൂട്ടായ പരിശ്രമമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

മരാമത്ത്, ദേവസ്വം ബോര്‍ഡ് ചെലവുകള്‍ ഉള്‍പ്പെടെ ആകെ 147 കോടി രൂപ ചെലവായി. മരാമത്ത് പ്രവർത്തനങ്ങൾക്ക് 44.78 കോടി രൂപയും ദേവസ്വം ചെലവ് ഇനത്തിൽ 79.68 കോടിയും ചെലവായി. അഞ്ച് കോടി രൂപ വൈദ്യുതി ചാർജ് ഇനത്തിലും 18 കോടി രൂപ വാട്ടർ ചാർജിനത്തിലും ചെലവുണ്ട്. അരവണ ഇനത്തിൽ ഇത്തവണ 191 കോടി രൂപയാണ് വിറ്റുവരവ്. കഴിഞ്ഞ തവണ 147 കോടിയായിരുന്നു. ഇത്തവണ അരവണ ഇനത്തിൽ മാത്രം 44 കോടി രൂപ അധിക വരുമാനം ലഭിച്ചു. കാണിക്ക ഇനത്തിൽ 126 കോടി രൂപ ലഭിച്ചു. മുൻവര്‍ഷത്തെ അപേക്ഷിച്ച് 17 കോടിയുടെ വര്‍ധന.

അപ്പം വിറ്റുവരവിനത്തിൽ കഴിഞ്ഞ തവണ 18 കോടി വരുമാനം ലഭിച്ചപ്പോൾ ഇത്തവണ 20 കോടി രൂപ ലഭിച്ചു. ആയിരത്തോളം വരുന്ന വിശുദ്ധി സേനയ്ക്കും ദേവസ്വം ബോര്‍ഡാണ് പണം നല്‍കുന്നത്. അഞ്ചേകാല്‍ കോടി ഇവര്‍ക്കായും ചെലവായി. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഫുള്‍ ടൈം ശാന്തിമാരുടെ നിയമന നടപടികള്‍ അന്തിമഘട്ടത്തിലാണ്. അഭിമുഖം ഒരാഴ്ചയ്ക്കുള്ളില്‍ നടത്തും. സബ് ഗ്രൂപ്പ് ഓഫിസര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. 

Exit mobile version