Site icon Janayugom Online

ഉഡുപ്പി-കരിന്തളം 400 കെ വി ലൈന്‍ നിര്‍മ്മാണം വേഗത്തില്‍

കര്‍ണാടകയില്‍ ലൈന്‍ മുറിഞ്ഞു തന്നെ
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആരംഭിച്ച ഉഡുപ്പി ‑കരിന്തളം 400 കെവി ലൈന്‍ നിര്‍മ്മാണം വേഗത്തില്‍. ഉഡുപ്പിയില്‍നിന്ന് ചീമേനിവരെ 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ലൈന്‍. രണ്ടിടത്ത് 400 കെവി സബ്‌സ്‌റ്റേഷനും സ്ഥാപിക്കും. കേരളത്തില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാണെങ്കിലും കര്‍ണാടകയില്‍ ഇത് സര്‍വ്വേയില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. പ്രാദേശികമായ എതിര്‍പ്പാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. വടക്കേമലബാറിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് 1000 മെഗാവാട്ട് ഉഡുപ്പി- കരിന്തളം 400 കെവി വൈദ്യുത പദ്ധതി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമലബാറിലേക്ക് നിലവില്‍ വൈദ്യുതിയെത്തുന്നത് അരീക്കോട് 400 കെവി സബ്‌സ്‌റ്റേഷനില്‍ നിന്നാണ്. ലൈനുകളില്‍ തകരാറുണ്ടായാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ പുര്‍ണമായും ഇരുട്ടിലാകും. ഇതിനൊരു പരിഹാരമാണ് പുതിയ പദ്ധതി. വര്‍ഷങ്ങളായി പൂര്‍ണമായും ലൈന്‍ ഓഫ് ചെയ്ത് അറ്റകുറ്റപണി നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് .
കര്‍ണാടകത്തിലെ നന്ദിപ്പൂരിലെ തെര്‍മല്‍ പവര്‍ സ്‌റ്റേഷനില്‍നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഉഡുപ്പിയില്‍നിന്ന് മൈസൂരുവഴി മലപ്പുറം ജില്ലയിലെ അരീക്കോട് സബ്‌സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള മയിലാട്ടി, അമ്പലത്തറ സബ്‌സ്‌റ്റേഷനുകളില്‍ എത്തിച്ചാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം നടത്തുന്നത്. അതിനുപകരം ഉഡുപ്പിയില്‍നിന്ന് നേരിട്ട് കരിന്തളത്തേക്ക് എത്തിക്കുന്നതാണ് പുതിയ പദ്ധതി. 115 കിലോമീറ്ററില്‍ 50 കിലോമീറ്റര്‍ ലൈനാണ് കേരളത്തില്‍. കേന്ദ്ര ഊര്‍ജ വകുപ്പിന്റെ 860 കോടി രൂപ ചെലവുള്ള പദ്ധതി അടുത്ത വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സ്‌റ്റെര്‍ലൈറ്റ് എന്ന സ്വകാര്യകമ്പനിക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. 225 ടവറുകളാണ് വേണ്ടത്. കേരളത്തില്‍ 103 ടവറും കര്‍ണാടകയില്‍ 122 എണ്ണവും. സംസ്ഥാനത്ത് 55 ടവറുകളുടെ അടിത്തറയായി. 19 ഇടങ്ങളില്‍ ടവര്‍ സ്ഥാപിച്ചു. കര്‍ണാടകത്തില്‍ സര്‍വേ പൂര്‍ത്തിയായി. 115 കിലോ മീറ്റര്‍ നീളുന്നതാണ് ലൈന്‍. കേരളത്തില്‍ 47 കിലോ മീറ്ററും കര്‍ണാടകയില്‍ 68 കിലോ മീറ്ററും വരും. കരിന്തളത്താണ് 400 കെവി സബ്‌സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്. പാട്ടത്തിന് 10 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സബ്‌സ്‌റ്റേഷന് ആവശ്യമായ യന്ത്രസാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ലഭിച്ചവ കരിന്തളത്ത് സൂക്ഷിക്കുന്നു. ഉഡുപ്പി-കരിന്തളം ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കരിന്തളത്ത് നിന്ന് വയനാട്ടിലേക്ക് 400 കെവി ലൈന്‍ നിര്‍മിക്കും. ഇതോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 400 കെവി പവര്‍ ഹൈവേ യാഥാര്‍ഥ്യമാകും. 2022 ഡിസംബറിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തിന് എന്തെങ്കിലും തടസം നേരിട്ടാലും അതു മലബാറിനെ ബാധിക്കില്ല.

Exit mobile version