അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ 45 വയസുകാരൻ ആറ് വയസുകാരിയെ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇതോടെ താലിബാൻ ഭരണകൂടം വിഷയത്തിൽ ഇടപെടുകയും, പെൺകുട്ടിക്ക് ഒൻപത് വയസ് പൂർത്തിയാകുന്നത് വരെ ഭർത്താവിന്റെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് തടയുകയും ചെയ്തു. കുട്ടിയുടെ പിതാവിനെയും വരനെയും കസ്റ്റഡിയിലെടുത്തുവെങ്കിലും കുറ്റം ചുമത്തിയിട്ടില്ല.
രണ്ട് സ്ത്രീകളെ ഇതിനകം വിവാഹം കഴിച്ചതായി പറയപ്പെടുന്ന 45 വയസുകാരൻ, പെൺകുട്ടിയുടെ കുടുംബത്തിന് പകരമായി പണം നൽകിയതായി റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയുടെ ശാരീരിക സൗന്ദര്യം, വിദ്യാഭ്യാസം, ആർജിച്ച മൂല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ‘വാൽവാർ’ എന്ന ആചാരത്തിലൂടെയാണ് ഈ വിവാഹം നടന്നതെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

