Site icon Janayugom Online

അഞ്ചു വര്‍ഷത്തിനിടെ കാണാതായത് 47,000 കുട്ടികള്‍

രാജ്യത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ 47,000 കുട്ടികളെ കാണാതായതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. ഇതില്‍ 71.4 ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2022 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 2021നെ അപേഷിച്ച് കുട്ടികളെ കാണാതാകുന്ന കേസുകളില്‍ 7.5 ശതമാനം വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2020മായി താരതമ്യം ചെയ്യുമ്പോള്‍ 2021ല്‍ 30.8ശതമാനം വര്‍ധനയാണ് ഉണ്ടായത്.

എന്നാല്‍ 2019നെ അപേക്ഷിച്ച് 2020ല്‍ കേസുകളുടെ എണ്ണത്തില്‍ 19.8 ശതമാനം കുറവുണ്ടായി. 2018ല്‍ നിന്ന് 2019ലെത്തിയപ്പോള്‍ കേസുകളില്‍ 8.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2017ല്‍ നിന്ന് 2018ല്‍ 5.6 ശതമാനവും കേസുകള്‍ കൂടി. കഴിഞ്ഞ വര്‍ഷം 83,350 കുട്ടികളെ കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതില്‍ 20,380 ആണ്‍കുട്ടികളും 62,946 പെണ്‍കുട്ടികളും 24 ട്രാൻസ്ജെൻഡറുകളും ഉള്‍പ്പെടുന്നു. ഇതില്‍ 80,561 കുട്ടികളെ കണ്ടെത്താനായി. കണ്ടെത്തിയ കുട്ടികളില്‍ 20,254 പേര്‍ ആണ്‍കുട്ടികളും 60,281 പേര്‍ പെണ്‍കുട്ടികളും 26 പേര്‍ ട്രാൻസ് ജെൻഡര്‍ വിഭാഗത്തിലുമാണ്.

2022ല്‍ 76,069 കാണാതാകല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 62,099 പേര്‍ പെണ്‍കുട്ടികളാണ്. 51,100 കുട്ടികളെ കണ്ടെത്താൻ കഴിയാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 40,219 പേര്‍(78.7) പെണ്‍കുട്ടികളാണ്.

‘തട്ടിക്കൊണ്ടുപോയതായി കരുതുന്നവര്‍’ എന്ന പട്ടികയില്‍ 2022ല്‍ 33,650 കുട്ടികളും 2021ല്‍ 29,364 കുട്ടികളുമുണ്ട്. 2020ല്‍-22,222, 2019ല്‍— 29,243, 2018ല്‍— 24,429 എന്നിങ്ങനെയാണ് കണക്കുകള്‍. കാണാതായ കുട്ടികളെ കണ്ടെത്തുന്നതില്‍ പ്രത്യേക അന്വേഷണം ആവശ്യമാണെന്നും ഇവര്‍ കുറ്റവാളികളുടെ കൈകളില്‍ എത്തിപ്പെട്ടാല്‍ തെറ്റായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ഭിക്ഷാടനം, വ്യഭിചാരം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയിലേക്ക് തള്ളിവിടാനും സാധ്യതയുള്ളതായി ഡല്‍ഹി മുൻ പൊലീസ് കമ്മിഷണര്‍ എസ് എൻ ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും കൃത്യമായ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും കുട്ടികള്‍ക്കായുള്ള സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകൻ റിഷി കാന്ത് പറഞ്ഞു. ആദ്യ 24 മണിക്കൂറില്‍ കുട്ടികളെ കണ്ടെത്തുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നും അതിനു ശേഷം മാനസിക‑ശാരീരിക ആരോഗ്യത്തോടെ അവരെ കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: 47,000 chil­dren have gone miss­ing in five years
You may also like this video

Exit mobile version