Site iconSite icon Janayugom Online

477 ഹിമപ്പുലികളുടെ പ്രധാന ആവാസവ്യവസ്ഥയായി ലഡാക്ക്; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്

രാജ്യത്ത് ഹിമപ്പുലികള്‍ ഏറ്റവുമധികമുള്ളത് ലഡാക്കിലെന്ന് റിപ്പോര്‍ട്ട്. 2024‑ലെ സ്‌നോ ലെപ്പേഡ് പോപ്പുലേഷന്‍ അസെസ്‌മെന്റ് ഇന്‍ ഇന്ത്യ (എസ്പിഎഐ) റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകെ 718 ഹിമപ്പുലികളാണുള്ളത്. ഇതില്‍ 477 എണ്ണത്തിന്റെയും ആവാസവ്യവസ്ഥ ലഡാക്കാണ്. അതായത് രാജ്യത്തുള്ള ഹിമപ്പുലികളുടെ 68 ശതമാനത്തിനെയും ലഡാക്കില്‍ കാണാം.പ്രദേശവാസികളുടെ കൂടി സഹായത്തോടെ നടത്തിയ സംരക്ഷണപ്രവര്‍ത്തനങ്ങളിലൂടെയാണ് ലഡാക്ക് ഹിമപ്പുലികളുടെ പ്രധാന ആവാസവ്യവസ്ഥയായി മാറിയത്. ഹിമപ്പുലികളുടെ സംരക്ഷണത്തിനായുള്ള ഗവേഷണങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫലംകണ്ടുവെന്നതിന്റെ സൂചന കൂടിയാണിത്.

ഒക്ടോബര്‍ 23, അന്താരാഷ്ട്ര ഹിമപ്പുലി ദിനം പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ലഡാക്ക് അധികൃതരും ചേര്‍ന്ന് ആഘോഷിച്ചിരുന്നു.

അതേസമയം, ഹിമാചല്‍പ്രദേശിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളിലുള്ള ഹിമപ്പുലികളുടെ എണ്ണത്തില്‍ നാലുവര്‍ഷത്തിനിടെ 62 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 2021‑ലെ കണക്കുകള്‍ പ്രകാരം ഹിമാചലിലെ ഹിമപ്പുലികളുടെ എണ്ണം 51 ആയിരുന്നു. ഇത് നിലവില്‍ 83 ആയി ഉയര്‍ന്നിട്ടുണ്ട്. ക്യാമറ ട്രാപ്പിങ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഹിമപ്പുലികളുടെ എണ്ണം തിട്ടപ്പെടുത്തിയത്

Exit mobile version