അഡാനി ഗ്രൂപ്പ് കമ്പനികളിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) 48,284.62 കോടി രൂപയുടെ നിക്ഷേപം.
സെപ്റ്റംബർ 30 വരെയുള്ള കണക്കുകളാണ് ധനമന്ത്രി നിർമല സീതാരാമൻ പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നത്. ആകെയുള്ള 48,284.62 കോടിയിൽ, 38,658.85 കോടി രൂപ ഓഹരികളിലും 9,625.77 കോടി രൂപ കടപ്പത്രങ്ങളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
അഡാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ നോൺ കൺവെർട്ടിബിൾ ഡിബഞ്ചറുകളിൽ (എന്‍സിഡി) എൽഐസി 5,000 കോടി രൂപ നിക്ഷേപിച്ചതായി മറുപടിയിൽ വ്യക്തമാക്കുന്നു. 2025 മേയ് മാസത്തിലായിരുന്നു ഈ നിക്ഷേപം. നിക്ഷേപകർക്ക് ഓഹരികളാക്കി മാറ്റാൻ കഴിയാത്തതും എന്നാൽ സ്ഥിരവരുമാനം ലഭിക്കുന്നതുമായ കടപ്പത്രങ്ങളാണ് നോൺ കൺവെർട്ടിബിൾ ഡിബഞ്ചറുകൾ. അഡാനി ഗ്രൂപ്പിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ മോഡി സർക്കാർ 3.9 ബില്യൺ ഡോളറിന്റെ രഹസ്യ പദ്ധതി ആവിഷ്കരിച്ചതായി വാഷിങ്ടൺ പോസ്റ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, എൽഐസി നിക്ഷേപം നടത്തിയിട്ടുള്ള എല്ലാ സ്വകാര്യ കമ്പനികളുടെയും പൂർണമായ പട്ടിക പുറത്തുവിടാൻ സർക്കാർ വിസമ്മതിച്ചു. ഇത് വാണിജ്യപരമായി ഉചിതമല്ലെന്നും എൽഐസിയുടെ ബിസിനസ് താല്പര്യങ്ങളെ ബാധിക്കുമെന്നുമാണ് ധനമന്ത്രാലയത്തിന്റെ വാദം.

