Site iconSite icon Janayugom Online

487 അനധികൃത കുടിയേറ്റക്കാരെക്കൂടി ഉടന്‍ തിരികെയെത്തിക്കും; ഉത്തരവ് പുറപ്പെടുവിച്ച് അമേരിക്ക

അനധികൃത കുടിയേറ്റക്കാരായ 487 ഇന്ത്യക്കാരേക്കൂടി മടക്കി അയക്കാനുള്ള ഉത്തരവ് അമേരിക്ക പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ട്രംപ് ഭരണകൂടവുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മിസ്രി പത്രസമ്മേളനത്തില്‍ ഉറപ്പുനല്‍കി. കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തിരിച്ചയക്കുന്ന പൗരന്മാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുഎസ് അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടയില്‍, ഈ മാസം 12,13 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമത് അധിതാരമേറ്റശേഷം അമേരിക്ക സന്ദര്‍ശിക്കുന്ന ആദ്യത്തെ ചുരുക്കം ചില ലോക നേതാക്കളില്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടും. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ച് രാജ്യത്ത് പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി മോഡിയുടെ നിര്‍ണായക സന്ദര്‍ശനം.

Exit mobile version