Site iconSite icon Janayugom Online

അഞ്ചുവര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 5.82 ലക്ഷം കോടി

moneymoney

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഏകദേശം 5.82 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായി ധനകാര്യ മന്ത്രാലയം. 2024–25 കാലയളവിൽ പൊതുമേഖലാ ബാങ്കുകള്‍ 91,260 കോടി എഴുതിത്തള്ളി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1.15 ലക്ഷം കോടി രൂപയായിരുന്നുവെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. 2020–21 കാലയളവിൽ 1.33 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. തൊട്ടടുത്ത വര്‍ഷം ഇത് 1.16 ലക്ഷം കോടിയായും 2022–23 ൽ 1.27 ലക്ഷം കോടിയായും കുറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഏകദേശം 1.65 ലക്ഷം കോടി തിരിച്ചുപിടിച്ചു. 

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ മൊത്തം എഴുതിത്തള്ളലിന്റെ ഏകദേശം 28% ആണ് വീണ്ടെടുക്കലെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ എഴുതിത്തള്ളുന്നതുകൊണ്ട് വായ്പ എടുത്തവര്‍ ബാധ്യതകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. വായ്പ എടുത്തവർ വ്യക്തികളായാലും കമ്പനികളായാലും ബാങ്കുകളുടെ ബാധ്യതക്കാരായി തുടരുന്നതിനാല്‍ വീണ്ടെടുക്കൽ നടപടികൾ തുടര്‍ന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. സർഫാസി നിയമപ്രകാരം ബാങ്കുകൾ 32,466 കോടിയോളം രൂപ തിരിച്ചുപിടിച്ചതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി ചൗധരി പറഞ്ഞു.

Exit mobile version