നാല് ഗ്രാം എംഡിഎംഎയുമായി അഞ്ച് പേർ മഞ്ചേരി പൊലിസിന്റെ പിടിയിൽ. മഞ്ചേരി പുല്ലൂർ സ്വദേശി പാലശ്ശേരി വീട്ടിൽ സാദിക്ക് (31), പാലക്കാട് മണിയമ്പാറ തോലന്നൂർ സ്വദേശി തോട്ടക്കര വീട്ടിൽ ഷാഫി (28), പുൽപറ്റ പൂക്കൊളത്തൂർ വാരിയംകുന്നത്ത് വീട്ടിൽ ദിൽഷാദ് (23), രാമംകുളം സ്വദേശി ഉള്ളാട്ടിൽ വീട്ടിൽ ഷംസുദ്ദീൻ (31), പുല്ലൂർ സ്വദേശി നെച്ചിത്തടവൻ വീട്ടിൽ സർബാസ് (28) എന്നിവരെയാണ് മഞ്ചേരി പൊലീസും മലപ്പുറം ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. കാരാപ്പറമ്പ് ഞാവലിങ്ങലിലുള്ള ക്വാർട്ടേഴ്സിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സാദികിനെ നേരത്തെ രണ്ട് തവണ എംഡിഎംഎയുമായി എക്സൈസ് പിടികൂടിയിരുന്നു. ജയിലിലായിരുന്ന ഇയാൾ ആറുമാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ഷാഫി പാലക്കാട് ജില്ലയിൽ കഞ്ചാവ് കേസിലും എംഡിഎംഎ കേസിലും പിടിക്കപ്പെട്ട് ജയിൽ കിടന്നിട്ടുണ്ട്. ഈയടുത്ത് കാലത്താണ് ജയിലിൽ നിന്ന് ഇറങ്ങിയത്. രഹസ്യ വിവരത്തെ തുടർന്ന് ഒരാഴ്ചയായി പൊലിസ് പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.30ന് പൊലിസ് സംഘം എത്തിയപ്പോൾ അഞ്ച് പേരും ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നു. ജില്ല പൊലിസ് മേധാവി ആർ. വിശ്വനാഥിൻറെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി കെ എം ബിജു, എഎസ്പി നന്ദഗോപൻ ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ വി പ്രതാപ് കുമാർ, എഎസ്ഐ ഗിരീഷ്, എസ്സിപിഒ തൗഫീഖ് മുബാറക്, സിപിഒ ചിത്ര, ഡാൻസാഫ് ടീം അംഗങ്ങളായ ഐ കെ ദിനേഷ്, ആർ രഞ്ജിത്ത്, കെ കെ ജസീർ, പി സലീം, വി പി ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.