Site iconSite icon Janayugom Online

50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്പനയ്ക്ക്: വാര്‍ത്ത നിരസിച്ച് വാട്സ്ആപ്പ്

വിവരചോര്‍ച്ചയുണ്ടായെന്ന വാര്‍ത്ത നിഷേധിച്ച് വാട്സ്ആപ്പ്. മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിലെ അന്‍പത് കോടിയോളം ഉപഭോക്താക്കളുടെ ഫോണ്‍നമ്പരുകളും വ്യക്തിഗത വിവരങ്ങളും ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നതായി ഹാക്കിങ് കമ്മ്യൂണിറ്റിയായ സൈബര്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. 

84 രാജ്യങ്ങളിലെ 48.7 കോടി വാട്സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് വില്പനയ്ക്കുള്ളതെന്നാണ് സൈബര്‍ ന്യൂസ് അവകാശപ്പെടുന്നത്.ഇതുസംബന്ധിച്ച പരസ്യവും അവര്‍ പുറത്തുവിട്ടിരുന്നു. ഇറ്റലി, യുകെ, യുഎസ്എ, റഷ്യ, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

യുഎസിലെ 3.2 കോടി വാട്സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈവശമുണ്ടെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെട്ടത്. ഇറ്റലി (3.5 കോടി), യുകെ (1.1 കോടി), റഷ്യ (ഒരു കോടി) എന്നിങ്ങനെയാണ് വിവരങ്ങള്‍ ചോര്‍ന്നത്.
ഈജിപ്റ്റ് (4.5 ), ഇറ്റലി (3.5), സൗദി അറേബ്യ (2.9), ഫ്രാൻസ്, തുര്‍ക്കി രണ്ട് കോടി വീതം എന്നിങ്ങനെയാണ് കണക്ക്.
യുഎസിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ 7000 ഡോളറിനും യുകെയിലേത് 2500 ഡോളറിനും വിറ്റുവെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. 

അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും സംബന്ധിച്ച് വാട്സ്ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. വാട്സ്ആപ്പിന്റെ സേവന നിബന്ധനകള്‍ ലംഘിക്കുന്ന സ്ക്രാപ്പിങ് വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് നിഗമനം. എന്നാല്‍ രേഖകള്‍ ചോര്‍ന്നതിന്റെ തെളിവുകള്‍ നല്‍കാന്‍ സൈബര്‍ന്യൂസിന് കഴിഞ്ഞിട്ടില്ലെന്ന് വാട്സ്ആപ്പ് പറഞ്ഞു. ചോര്‍ന്നുവെന്നു പറയുന്ന വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: 50 crore users’ infor­ma­tion for sale: What­sApp denies the news

You may also like this video 

Exit mobile version