Site iconSite icon Janayugom Online

പാരസെറ്റാമോള്‍ ഉള്‍പ്പെടെ 50 ഇന്ത്യന്‍ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല; സിഡിഎസ്‌സിഒ

ന്യൂഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പെടെ രാജ്യത്ത് നിര്‍മ്മിക്കുന്ന 50 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ). തൊണ്ട വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, വേദന, ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ, ചൊറിച്ചില്‍, ചുമ, അലര്‍ജി, വൈറസ് അണുബാധ, ഗ്യാസ്, പനി, അള്‍സര്‍ എന്നിവയ്ക്കുള്ള മരുന്നുകളും വേദനസംഹാരി, വൈറ്റമിന്‍, കാത്സ്യം ഗുളികകളും ഇതില്‍പ്പെടും. ഇതില്‍ പലതിനും ലേബലില്ലായിരുന്നു. ചിലതൊക്കെ വ്യാജമാണെന്നും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. 

രക്താതിമര്‍ദത്തിന് കഴിക്കുന്ന ടെല്‍മിസാര്‍ടന്‍, കഫ്ടിന്‍ കഫ് സിറപ്പ്, പാരസെറ്റാമോള്‍ 500 എംജി, അപസ്മാരത്തിനുള്ള ക്ലോണാസെഫാം, വേദനസംഹാരിയായ ഡിക്ലോഫെനാക്, മള്‍ട്ടി വിറ്റമിന്‍— കാത്സ്യം ഗുളികകള്‍ എന്നിവയാണ് പട്ടികയിലെ പ്രധാന മരുന്നുകള്‍. ഹിമാചല്‍പ്രദേശ് ഡ്രഗ് കണ്‍ട്രോള്‍ അതോറിട്ടി ബന്ധപ്പെട്ട കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വിപണിയിലുള്ള ഈ മരുന്നുകളെല്ലാം തിരിച്ചെടുക്കാനും നിര്‍ദേശം നല്‍കി.

മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച് സിഡിഎസ്‌സിഒയില്‍ നിന്ന് ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ സാമ്പിള്‍ പരിശോധിക്കുകയാണെന്നും വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ കോസ്മറ്റിക്സ് ആന്റ് ഡ്രഗ്സ് നിയമപ്രകാരം നടപടിയെടുക്കുമെന്നും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ മനീഷ് കപൂര്‍ അറിയിച്ചു. രാജ്യത്തെ മൂന്നിലൊന്ന് മരുന്നും ഹിമാചലിലാണ് ഉല്പാദിപ്പിക്കുന്നതെന്നും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസ്കോണ്‍ ഹെല്‍ത്ത് കെയര്‍ നിര്‍മ്മിച്ച പാരസെറ്റാമോള്‍ 500 എംജി ഗുളികയ്ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. പനിക്കും ജലദോഷത്തിനും സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണിത്. 

Eng­lish Summary:50 Indi­an med­i­cines includ­ing parac­eta­mol are of poor qual­i­ty; CDSCO
You may also like this video

Exit mobile version