വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. വെനസ്വേലയിലെ ‘ഇടക്കാല അധികൃതർ’ 30 മുതൽ 50 ദശലക്ഷം ബാരൽ വരെ ഉയർന്ന ഗുണമേന്മയുള്ള ക്രൂഡ് ഓയിൽ വിപണി വിലയ്ക്ക് അമേരിക്കയ്ക്ക് നൽകുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിനോട് ഈ പദ്ധതി ഉടനടി നടപ്പിലാക്കാൻ ട്രംപ് നിർദ്ദേശിച്ചു. സംഭരണ കപ്പലുകൾ വഴി ഈ എണ്ണ നേരിട്ട് അമേരിക്കയിലെത്തിക്കും. എണ്ണ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പ്രസിഡന്റ് എന്ന നിലയിൽ തന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും, ഇത് വെനസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച എക്സോൺ, ഷെവ്‌റോൺ തുടങ്ങിയ പ്രമുഖ എണ്ണ കമ്പനികളുടെ മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.
വെനസ്വേലയിൽ നിന്ന് 50 ദശലക്ഷം ബാരൽ എണ്ണ യുഎസിലേക്ക്; പ്രഖ്യാപനവുമായി ട്രംപ്

