Site iconSite icon Janayugom Online

ലോകത്തെ 50% ഡിജിറ്റല്‍ പണമിടപാടുകള്‍ യുപിഐ വഴി

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പണമിടപാട് സംവിധാനമായി യുണൈറ്റഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) മാറിയെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). മാസംതോറും 1,800 കോടിയിലധികം ഇടപാടുകളാണ് ആപ്പിലൂടെ നടക്കുന്നത്. ജൂണില്‍ മാത്രം 24.03 ലക്ഷം കോടിയുടെ ഇടപാടുകള്‍ നടന്നു. 2024 ജൂണിനെ അപേക്ഷിച്ച് 32% വര്‍ധനവാണിത്. ഉപയോക്താക്കളെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഒരു ആപ്പിലേക്ക് ലിങ്ക് ചെയ്യിക്കാനും പെട്ടെന്ന് പണം കൈമാറാനും യുപിഐ സഹായിക്കുന്നു. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) 2016ലാണ് ഈ ആപ്പ് ആരംഭിച്ചത്. 24 മണിക്കൂറും ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യത്തെ 4.9 കോടി ആളുകള്‍ക്കും 65 ദശലക്ഷം വ്യാപാരികള്‍ക്കും യുപിഐ സേവനം നല്‍കുന്നു. 675 ബാങ്കുകള്‍ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ 85 ശതമാനവും ലോകമെമ്പാടുമുള്ള എല്ലാ തത്സമയ ഡിജിറ്റല്‍ പണമിടപാടുകളുടെ പകുതിയോളവും യുപിഐയാണ് കൈകാര്യം ചെയ്യുന്നത്. ഇത് വരുന്നതിന് മുമ്പ് ഒരേ ആപ്പിലോ, വാലറ്റിലോ മാത്രമേ പണമിടപാട് നടത്താന്‍ കഴിയുമായിരുന്നുള്ളൂ. യുപിഐ ഐഡിയുള്ള മൊബൈല്‍ ആപ്പുകള്‍ വഴി ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി ഇടപാട് നടത്താനാകും. ബാങ്ക് വിശദാംശങ്ങളടക്കം യാതൊന്നും പങ്കിടേണ്ട. 

ക്യുആര്‍ കോഡ് ഇടപാടുകള്‍, ആപ്പിലൂടെയുള്ള ഉപഭോക്തൃ സഹായം, 24 മണിക്കൂറും സേവനം എന്നിവയാണ് സവിശേഷതകള്‍. ചെറുകിട ബിസിനസുകള്‍ക്ക് ഡിജിറ്റല്‍ പേയ‌്മെന്റുകള്‍ സ്വീകരിക്കുന്നതിന് ചെലവില്ലാതെയോ, കുറഞ്ഞ ചെലവോ ഉള്ള രീതികള്‍ യുപിഐ വാഗ്ദാനം ചെയ്യുന്നു. ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും ഇത് ഉപയോഗപ്രദമാണ്. ആപ്പിനുള്ളില്‍ പരാതി നല്‍കാനുള്ള സംവിധാനമുണ്ട്. യുഎഇ, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, മൗറീഷ്യസ് എന്നിവിടങ്ങളിലും നിലവില്‍ യുപിഐ സേവനം ലഭിക്കും. ബ്രിക്സ് രാജ്യങ്ങളില്‍ യുപിഐ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യ സമ്മര്‍ദം ചെലുത്തിവരുന്നു. 

Exit mobile version