Site icon Janayugom Online

സൈബര്‍ ആക്രമണങ്ങളില്‍ 50 ശതമാനം വര്‍ധന

രാജ്യത്തെ അടിസ്ഥാന സൗകര്യം, പൊതു, സേവന മേഖലകള്‍ സൈബര്‍ ആക്രമണ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാര്‍ സേവന മേഖലകള്‍ക്ക് നേരെയും സൈബര്‍ ആക്രമണം 50 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗതം, ഉല്പാദന, പൊതു മേഖലകള്‍ എന്നിവയ്ക്ക് നേരെയാണ് നൂതന രീതിയിലെ സൈബര്‍ ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് മേഖലകളെ അപേക്ഷിച്ച് സുരക്ഷിതമല്ലാത്ത വിവരസാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം മൂലം 66 ശതമാനം നിര്‍മ്മാണ മേഖലയും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 5ജി സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലൂടെ സുരക്ഷാ വിടവുകള്‍ നികത്താനാകുമെന്ന് 50 ശതമാനം നിര്‍മ്മാണ സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

ഗതാഗതം, ചരക്കു കൈമാറ്റ മേഖലകളും സൈബര്‍ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്നുണ്ട്. മേഖലയിലെ 83 ശതമാനം സ്ഥാപനങ്ങളും ശക്തമായ വെല്ലുവിളികള്‍ നേരിടുന്നവയാണ്. ബാങ്കിങ്, ധനകാര്യ മേഖലകളും സൈബര്‍ ആക്രമണഭീഷണി നേരിടുന്നു. ക്ലൗഡ് ആക്രമണങ്ങള്‍ വ്യാപാരത്തെ ബാധിക്കുന്നതായി 34 ശതമാനം ബാങ്കിങ്, ധനകാര്യ സേവനങ്ങളും പറയുന്നു. 69 ശതമാനം ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റര്‍മാരും ക്ലൗഡ് അധിഷ്ഠിത സേവനങ്ങളും ആപ്പുകളും ഉപയോഗിക്കുന്നത് മൂലം പ്രശ്നം നേരിടുന്നവയാണ്. 57 ശതമാനം ടെലികോം സേവന ദാതാക്കള്‍ റാൻസംവേര്‍ ആക്രമണത്തെ ഭയക്കുന്നു.

സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ തങ്ങളുടെ ബജറ്റിന്റെ നല്ലൊരു പങ്ക് ഇന്ത്യൻ സ്ഥാപനങ്ങള്‍ സൈബര്‍ സുരക്ഷയ്ക്കായി നീക്കി വയ്ക്കാൻ തുടങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. 94 ശതമാനം ഇന്ത്യൻ സ്ഥാപനങ്ങള്‍ സ്ഥിരമായി പരിശോധനകള്‍ നടത്തുകയും സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. 89 ശതമാനം സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി നയതന്ത്ര നിക്ഷേപവും നടപടികളും ആവശ്യമാണെന്നും ബജറ്റ് വിഹിതം വര്‍ധിപ്പിക്കുന്നതിനൊപ്പം വിഭവങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Eng­lish Sum­ma­ry: 50 per­cent increase in cyber attacks
You may also like this video

Exit mobile version