Site iconSite icon Janayugom Online

ജലജീവൻ മിഷന് 500 കോടി കൂടി

ജലജീവൻ മിഷൻ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതമായി 500 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
2024 — 25 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. കരാറുകാരുടെ വൻ കുടിശിക നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിക്കുകയായിരുന്നു. തുക അനുവദിച്ചതോടെ കേന്ദ്രം ഈ സാമ്പത്തിക വർഷം അനുവദിച്ച 1949.36 കോടി രൂപ മുഴുവനായും അവകാശപ്പെടാൻ വാട്ടർ അതോറിട്ടിക്ക് സാധിക്കും. ഈ തുകയിൽ രണ്ടാം ഗഡുവായ 974.66 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ഈ സാമ്പത്തിക വർഷം ലഭിക്കാനുള്ളത്. 

44,714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 11,143.57 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്നത്. 500 കോടി രൂപ കൂടി ചേർത്ത് 11,643.57 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവൻ മിഷനിൽ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതിനോടകം 55 ശതമാനത്തോളം കണക്ഷനുകളാണ് നൽകിയിട്ടുള്ളത്. 

സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ ജലജീവൻ മിഷൻ തുടങ്ങും മുമ്പ് സംസ്ഥാനത്ത് 17.50 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 40 ലക്ഷം ആയി. അടുത്തവർഷം മാർച്ചോടെ സംസ്ഥാനത്തെ 550 പഞ്ചായത്തുകളിൽ മുഴുവൻ വീടുകളിലും ജലജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ളം എത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ 115 പഞ്ചായത്തുകളിലും ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു. മറ്റു പല പഞ്ചായത്തുകളിലും 60 ശതമാനത്തിലേറെ പ്രവൃത്തി പൂർത്തിയായതായും മന്ത്രി വ്യക്തമാക്കി.

Exit mobile version