Site iconSite icon Janayugom Online

500 രൂപ നോട്ടുകളില്‍ വ്യാജന്‍ വര്‍ധിച്ചു

2024–25 സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയുടെ വ്യാജ നോട്ടുകള്‍ 37% വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. ആകെയുള്ള ആറ് കോടിയിലധികം 500 രൂപ നോട്ടുകളില്‍ 1,12,000 ലക്ഷം എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. 100 രൂപയുടെ 51,069ഉം 200 രൂപയുടെ 32,660ഉം 2,000 രൂപയുടെ 2,508 ഉം വ്യാജ കറന്‍സികള്‍ കണ്ടെത്തിയതായും ആര്‍ബിഐ പറയുന്നു. 2023–24 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് തൊട്ടടുത്ത വര്‍ഷം മൊത്തം വ്യാജ നോട്ടുകള്‍ അല്പം കുറഞ്ഞെന്നും പറയുന്നു. മുന്‍ വര്‍ഷം 2.23 ലക്ഷം കള്ളനോട്ടുകളായിരുന്നെങ്കില്‍ ഇത്തവണയത് 2.18 ലക്ഷമായി. 

2023–24 സാമ്പത്തിക വര്‍ഷം 500 രൂപയുടെ 85,711 വ്യാജ നോട്ടുകളാണ് കണ്ടെത്തിയിരുന്നത്. ഒരുവര്‍ഷം കൊണ്ട് 1,12,000 ആയി വര്‍ധിച്ചു. 2,000 രൂപ നോട്ടുകള്‍ പ്രചാരത്തിലില്ലെങ്കിലും അവ അസാധുവാക്കിയിട്ടില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. ആര്‍ബിഐയുടെ തെറ്റായ നിലപാടുകളെ സമിതിയിലെ പ്രതിപക്ഷ എംപിമാര്‍ ചോദ്യം ചെയ്തു. ബാങ്കുകളെ നിയന്ത്രിക്കുന്നതിലും ചില മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആര്‍ബിഐയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായുള്ള ചുമതലകളില്‍ നിന്ന് ഒഴിവാകണമെന്നും ആവശ്യപ്പെട്ടു. 

Exit mobile version