Site iconSite icon Janayugom Online

മാലിന്യ നിർമ്മാർജന രംഗത്ത് 5,000 കോടിയിലധികം നിക്ഷേപം; സന്നദ്ധത അറിയിച്ച് കമ്പനികൾ

മാലിന്യ നിർമ്മാർജനരംഗത്ത് 5000 കോടിയിലധികം രൂപയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ച് വൻകമ്പനികൾ രംഗത്ത്. സാനിറ്ററി, ആർഡിഎഫ്, ജൈവ‑അജൈവ മാലിന്യം, സംയോജിത മാലിന്യനിർമ്മാർജന പ്ലാന്റുകൾ, വേസ്റ്റ് ടു എനർജി പ്ലാന്റുകൾ, ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകൾ, റീസൈക്ലിങ്-അപ് സൈക്ലിങ് സംരംഭങ്ങൾ, മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ, മറ്റ് മാലിന്യ നിർമ്മാർജന പദ്ധതികളിലെല്ലാം നിക്ഷേപിക്കാൻ തയ്യാറായാണ് വിവിധ കമ്പനികൾ മുന്നോട്ട് വന്നിരിക്കുന്നത്. റീസസ്റ്റൈനബിലിറ്റി പ്രൈവറ്റ് ലി, ബിപിസിഎൽ, മലബാർ സിമന്റ്സ് എന്നീ പ്രധാന കമ്പനികൾ ഉൾപ്പെടെയാണ് വലിയ രീതിയിലുള്ള നിക്ഷേപം നടത്തുവാനായി സന്നദ്ധരായിരിക്കുന്നത്. 

തദ്ദേശ സ്വയംഭരണവകുപ്പ് തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ‘വൃത്തി’ അന്താരാഷ്ട്ര ക്ലീൻ കേരള കോൺക്ലേവിന്റെ ഭാഗമായുളള ബിസിനസ് മീറ്റിൽ പങ്കെടുത്താണ് കമ്പനികൾ സന്നദ്ധത അറിയിച്ചത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ 79 പ്രമുഖ കമ്പനികളിൽ നിന്നായി 142 പേർ പങ്കെടുത്തു. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയിൽ ആദ്യം നിക്ഷേപകരുമായും രണ്ടാമത് സ്റ്റാർട്ടപ്പ് സംരംഭകരുമായി നടന്ന ചർച്ചകളിലാണ് നിക്ഷേപക സന്നദ്ധത കമ്പനികൾ അറിയിച്ചത്.
കേരളത്തിന്റെ മാലിന്യ സംസ്കരണ മേഖലയിലെ നിർണായക ചുവടുവയ്പായ കൊച്ചി ബ്രഹ്മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സംബന്ധിച്ച ത്രികക്ഷി കരാറും ഒപ്പുവച്ചു. സംസ്ഥാന സർക്കാരും കൊച്ചി കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമാണ് കരാറിൽ ഏര്‍പ്പെട്ടത്. സംസ്ഥാന സർക്കാരിനു വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കർ എം, കൊച്ചി കോർപറേഷൻ സെക്രട്ടറി പി എസ് ഷിബു എന്നിവരാണ് ത്രികക്ഷി കരാറിൽ ഒപ്പ് വച്ചത്. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്, കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. 

വാടക വ്യവസ്ഥയിൽ കൊച്ചി കോർപറേഷൻ നൽകുന്ന 10 ഏക്കർ ഭൂമിയിലാണ് ബിപിസിഎൽ പ്ലാന്റ് നിർമ്മിക്കുന്നത്. കൊച്ചി നഗരത്തിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ പ്ലാന്റിൽ സംസ്കരിക്കും. പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്കരിച്ച് കംപ്രസ്ഡ് ബയോഗ്യാസാക്കി മാറ്റാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. 25 വർഷം കാലാവധി നിശ്ചയിച്ചിരിക്കുന്ന കരാർ കോർപറേഷൻ, ബിപിസിഎൽ എന്നിവരുടെ സമ്മതത്തോടെ ആവശ്യമെങ്കിൽ 10 വർഷത്തേക്ക് കൂടി നീട്ടാനും വ്യവസ്ഥയുണ്ട്. പൊല്യൂഷൻ കൺട്രോൾ ബോർഡ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്ലാന്റ് പ്രവർത്തിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ ജൈവ മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയും. 

Exit mobile version