Site iconSite icon Janayugom Online

ഏഴ് മാസത്തിനുളളിൽ 5000 കോടിയുടെ നിക്ഷേപം

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതി ചരിത്രനേട്ടത്തിലേക്ക്. പദ്ധതി ആരംഭിച്ച് 220 ദിവസങ്ങൾക്കുള്ളിൽ 5000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം പദ്ധതികൾ ലക്ഷ്യമിട്ടതിൽ, 83,200 സംരംഭങ്ങൾ ഇതിനോടകം ആരംഭിച്ചു. ഈ സംരംഭങ്ങളിലൂടെ 1,81,850 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. നിക്ഷേപത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് എറണാകുളം, മലപ്പുറം ജില്ലകളാണ്. ഈ രണ്ട് ജില്ലകളിലുമായി 1286 കോടി രൂപയുടെ നിക്ഷേപമുണ്ടായി. കോഴിക്കോട് ജില്ലയിലും 500 കോടിയോളം രൂപയുടെ നിക്ഷേപം സംരംഭക വർഷം പദ്ധതിയിലൂടെ രേഖപ്പെടുത്തി.

മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂർ എന്നീ ജില്ലകളിൽ എട്ടായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ആറായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെല്ലാം 15,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു. കൃഷി-ഭക്ഷ്യ സംസ്കരണ മേഖലയിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം നടന്നത്. 1524 കോടി രൂപയുടെ നിക്ഷേപവും 14,403 പുതിയ സംരംഭങ്ങളും കൃഷി-ഭക്ഷ്യ സംസ്കരണ മേഖലയിൽ ഉണ്ടായിട്ടുണ്ട്. അമ്പതിനായിരത്തോളം പേർക്ക് തൊഴിൽ നൽകാനും ഈ സംരംഭങ്ങളിലൂടെ സാധിച്ചു. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിലും ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് മേഖലയിലും പ്രതീക്ഷക്കപ്പുറത്തുള്ള നിക്ഷേപമാണുണ്ടായത്. രണ്ട് വിഭാഗങ്ങളിലുമായി 650 കോടി രൂപയുടെ നിക്ഷേപവും 27,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. മൂന്ന് മുതൽ നാല് ലക്ഷം വരെയുള്ള ആളുകൾക്ക് തൊഴിൽ കൊടുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. മാർച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.

Eng­lish sum­ma­ry:Entre­pre­neur­ship year project launched under the lead­er­ship of the indus­try depart­ment has reached a his­toric achievement

Exit mobile version