രാജ്യത്ത് 2021ല്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ 505 ആക്രമണങ്ങള്‍ നടന്നതായി കണക്കുകള്‍. ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസാണ് ഇക്കാര്യം അറിയിച്ചത്.
ക്രിസ്ത്യാനികള്‍ക്കു നേരെ രാജ്യത്തു നടക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ബംഗളുരു രൂപതാ ആര്‍ച്ച് ബിഷപ് പീറ്റര്‍ മക്കാഡോ, നാഷണല്‍ സോഷ്യലിസ്റ്റ് ഫോറം എന്നിവരാണ് സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചത്.
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ക്രിസ്ത്യാനികള്‍ക്കെതിരെ ഭരണകൂട പിന്തുണയുള്ള സംഘടനകള്‍ കരുതിക്കൂട്ടി അക്രമം നടത്തുന്നു, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഉയര്‍ന്നു വരുന്ന ഇത്തരം അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര‑സംസ്ഥാന ഭരണകൂടങ്ങള്‍ പരാജയപ്പെടുകയാണെന്നും ഹര്‍ജിയിലുണ്ട്. പുതുതായി മറ്റൊരു ഹര്‍ജി കൂടി സുപ്രീം കോടതിയിലെത്തിയതിനാല്‍ രണ്ടും ഒരുമിച്ച് വെള്ളിയാഴ്ച കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.
English Summary: 505 attacks on Christians in 2021
You may like this video also