Site iconSite icon Janayugom Online

ആരോഗ്യ സ്ഥാപനങ്ങൾക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി

സംസ്ഥാനത്തെ വിവിധ ആരോഗ്യസ്ഥാപനങ്ങൾക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി. കോട്ടയം മെഡിക്കൽ കോളജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി, കാസർകോട് മെഡിക്കൽ കോളജ് 31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35 കോടി, കോന്നി മെഡിക്കൽ കോളജ് 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂർ ജനറൽ ആശുപത്രി 14.64 കോടി എന്നിങ്ങനെ ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുകയനുവദിച്ചത്. കൂടാതെ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് 114 കോടി രൂപയും അനുവദിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് തുകയനുവദിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കായാണ് ഈ ബ്ലോക്ക് സജ്ജമാക്കുന്നത്. എട്ട് നിലകളിലായി 27,374 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ളതാണ് കെട്ടിടം. 362 കിടക്കകൾ, 11 ഓപ്പറേഷൻ തിയറ്ററുകൾ, 60 ഐസിയു കിടക്കകൾ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടക്കുന്ന കോട്ടയം മെഡിക്കൽ കോളജിൽ ഈ ബ്ലോക്ക് വരുന്നതോടെ കൂടുതല്‍ സൗകര്യങ്ങൾ ലഭ്യമാകും. കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി പൂർത്തിയാക്കുന്നതിനാണ് 31.7 കോടി രൂപ അനുവദിച്ചത്. ആശുപത്രി പൂർത്തിയാക്കുന്നതിന് ഈ തുക ആവശ്യമായതിനാൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നാണ് നടപടികൾ സ്വീകരിച്ചത്. തുക ലഭ്യമായാൽ നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

eng­lish sum­ma­ry; 505 crore Kif­bi sanc­tion for health institutions

you may also like this video;

Exit mobile version