Site iconSite icon Janayugom Online

ജഡ്ജിമാർക്കെതിരായ പരാതികളിൽ 51% വർധന; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

രാജ്യത്തെ ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാർക്കെതിരെ ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ പത്ത് വർഷത്തിനിടെ 51 ശതമാനത്തിന്റെ വർധനവുണ്ടായതായി കേന്ദ്ര സർക്കാർ. 2016ൽ 729 പരാതികൾ ലഭിച്ച സ്ഥാനത്ത് 2025ൽ ഇത് 1,102 ആയി ഉയർന്നുവെന്ന് നിയമ‑നീതിന്യായ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും സിറ്റിങ് ജഡ്ജിമാർക്കെതിരെയുള്ള പരാതികളെ സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്രം പുറത്തുവിട്ടത്. പത്ത് വർഷത്തിനിടെ ആകെ 8,639 പരാതികളാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിന് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പരാതികൾ റിപ്പോർട്ട് ചെയ്തത് 2024‑ലാണ് (1,170 പരാതികൾ). കോവിഡ് കാലമായിരുന്ന 2020‑ലാണ് ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് (518 എണ്ണം). 2019‑ൽ 1,037, 2022‑ൽ 1,012 എന്നിങ്ങനെയും പരാതികൾ ലഭിച്ചു.

അഴിമതി, ലൈംഗിക ദുരുപയോഗം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ജഡ്ജിമാർക്കെതിരെ ഉയരുന്നത്. എന്നാൽ സ്വീകരിച്ച അച്ചടക്ക നടപടികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ജുഡീഷ്യറിക്കുള്ളിൽ തന്നെ സംവിധാനം ഉണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സുപ്രീം കോടതി ജഡ്ജിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കുമെതിരെയുള്ള പരാതികൾ പരിശോധിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. ഹൈക്കോടതി ജഡ്ജിമാർക്കെതിരെയുള്ള പരാതികൾ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണ് കൈകാര്യം ചെയ്യുന്നത്. പൊതുജനങ്ങൾക്ക് ജഡ്ജിമാർക്കെതിരെ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ പോർട്ടൽ സൗകര്യമുണ്ട്. എന്നാൽ ഇതിലൂടെ എല്ലാ പരാതികളും ഉന്നയിക്കാനാവില്ല. കോടതി വിധികൾക്കെതിരെയുള്ള പരാതികൾ, കീഴ്‌ക്കോടതി വിഷയങ്ങൾ, മതപരമായ തർക്കങ്ങൾ, സർക്കാർ ഉദ്യോഗസ്ഥരുടെ സേവന പ്രശ്നങ്ങൾ എന്നിവ ഈ പോർട്ടൽ വഴി സ്വീകരിക്കില്ല. 2025 മാർച്ചിൽ മാത്രം ഈ പോർട്ടലിൽ 1,410 പരാതികൾ ലഭിച്ചു. ഇതിൽ 1,245 എണ്ണം തീർപ്പാക്കിയതായും 165 എണ്ണം കെട്ടിക്കിടക്കുന്നതായും റിപ്പോർട്ട് പറയുന്നു. 

Exit mobile version