രാജ്യത്ത് ഒന്നുമുതല്‍ അഞ്ച് വരെക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ പകുതിയിലധികം പേര്‍ക്കും (54 ശതമാനം) അര്‍ഹമായ യോഗ്യതയില്ലെന്ന് പഠനം. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിഐഎസ്എസ്) ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 30 ശതമാനം അധ്യാപകര്‍ക്ക് പഠിപ്പിക്കുന്ന വിഷയത്തില്‍ വൈദഗ്ധ്യമില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
മഹാരാഷ്ട്ര, ബിഹാർ, അസം, ഛത്തീസ്ഗഡ്, കർണാടക, പഞ്ചാബ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലെ 422 സ്കൂളുകളില്‍ നിന്നുള്ള 3615 അധ്യാപകരും 422 പ്രധാന അധ്യാപകരുമാണ് പഠനത്തിന് വിധേയരായത്. ഭൂരിഭാഗം അധ്യാപകരും അധ്യാപനത്തിന് ആവശ്യമായ കോഴ്സുകള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് പഠനത്തില്‍ പറയുന്നു. 45.72 ശതമാനത്തിന് മാത്രമാണ് ഡിപ്ലോമ ഇന്‍ എലമെന്ററി എജ്യൂക്കേഷന്‍, ഡിപ്ലോമ ഇന്‍ എജ്യൂക്കേഷന്‍, ബാച്ച്ലര്‍ ഇന്‍ എലമെന്ററി എജ്യൂക്കേഷന്‍ യോഗ്യതയുള്ളത്. അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി ഗ്രേഡുകളില്‍ പഠിപ്പിക്കുന്നവരില്‍ യഥാക്രമം 57,79 ശതമാനം അധ്യാപകര്‍ക്കാണ് ബാച്ചിലര്‍ ഓഫ് എജ്യൂക്കേഷന്‍ യോഗ്യതയുള്ളത്.
സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ 70 ശതമാനം അധ്യാപകരും ഡിഗ്രിയ്ക്ക് പഠിച്ച വിഷയമാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തി. 35 മുതല്‍ 41 ശതമാനം വരെയുള്ള ഗണിത അധ്യാപകര്‍ ബിരുദതലത്തില്‍ ഗണിതം പഠിച്ചിട്ടില്ല. നാല് മുതല്‍ അഞ്ച് ശതമാനം അധ്യാപകര്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുമുണ്ട്.
കായികം, കല, സംഗീതം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് രാജ്യത്തെ സ്കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരില്ലെന്നും പഠനത്തിലുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളെക്കാള്‍ സ്വകാര്യ സ്കൂളുകളിലാണ് ഈ വിഷയങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതെന്നും പഠനത്തില്‍ പറയുന്നു. അതേസമയം സ്വകാര്യമേഖലയില്‍ അധ്യാപകര്‍ക്ക് ശരാശരി വേതനവും ആനുകൂല്യങ്ങളും പോലും ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ മേഖലയില്‍ കൃത്യമായി റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
English Summary: 54% Primary School Teachers Lack Professional Qualification
You may also like this video