Site icon Janayugom Online

വ്യോമസേനയ്ക്കായി 56 യാത്രാ വിമാനങ്ങള്‍; 20,000 കോടിയുടെ ഇടപാട്, 40 വിമാനങ്ങള്‍ ടാറ്റ ഇന്ത്യയില്‍ നിര്‍മ്മിക്കും

വ്യോമസേനയ്ക്കായി 56 സി-295 എംഡബ്ല്യു യാത്രാ വിമാനങ്ങള്‍ വാങ്ങുന്നതിനായി സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്‌പേസുമായി പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പിട്ടു.
20,000 കോടിയുടേതാണ് കരാര്‍. ടാറ്റായുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ ഓഫ്സെറ്റ് പങ്കാളിയാക്കുന്ന കരാറും ഇതിനോടൊപ്പം ഒപ്പിട്ടു. ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന 5–10 ടണ്‍ ശേഷിയുള്ള ഗതാഗത വിമാനമാണ് സി-295 എംഡബ്ല്യു. കാലപ്പഴക്കം ചെന്ന അവ്രോ ഗതാഗത വിമാനത്തിന് പകരമായാണ് ഇത് വ്യോമസേനയുടെ ഭാഗമാകുന്നത്.

പൂര്‍ണസജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത എയര്‍ സ്ട്രിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ വിമാനം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങള്‍ക്കും പ്രയോജനം ചെയ്യും. പാരാ ഡ്രോപ്പിംഗിനായി പിന്‍ഭാഗത്ത് റാമ്പ് ഡോറുമുണ്ട്. വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും എയര്‍ലിഫ്റ്റ് ശേഷി വര്‍ധിക്കാന്‍ ഈ വിമാനം പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
56 ല്‍ നാല്പത് വിമാനങ്ങള്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മ്മിക്കും.

കരാര്‍ ഒപ്പിട്ട് പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ വിമാനങ്ങളും കൈമാറും. 56 വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് സ്ഥാപിക്കും. ഡെലിവറി പൂര്‍ത്തിയായ ശേഷം, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും. ഹാംഗറുകള്‍, കെട്ടിടങ്ങള്‍, ഏപ്രണുകള്‍, ടാക്‌സി വേ എന്നീ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish sum­ma­ry; 56 pas­sen­ger air­craft for the Air Force

you may also like this video;

Exit mobile version