കനത്ത മഴയിലും പ്രളയത്തിലും പാകിസ്ഥാനില്‍ 580 തിലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സാധാരണ മണ്‍സൂണ്‍ മഴയുടെ 60 ശതമാനത്തിലധികമാണ് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് ലഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 10 ലക്ഷത്തിലധികം ആളുകളെ ബാധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂണ്‍ഖ്വ, സിന്ധ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. 30 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
ബലൂചിസ്ഥാനില്‍ 200 പേരാണ് പ്രളയത്തില്‍ മരിച്ചത്. പ്രവിശ്യയിൽ വാർഷിക ശരാശരിയേക്കാൾ 305 ശതമാനം കൂടുതൽ മഴ ലഭിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബലൂചിസ്ഥാനിലെ 26 ജില്ലകളിൽ 18 ജില്ലകളും പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയില്‍ കോളറ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഈ മാസം രണ്ടുതവണ പ്രദേശം സന്ദർശിച്ചിരുന്നു. പ്രളയബാധിതർക്ക് വിപുലമായ സഹായവും പുനരധിവാസവും നൽകുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും പ്രളയത്തെ നേരിടാൻ ഒരു മുൻകൂർ ക്രമീകരണവും ഉണ്ടായില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
English Summary:580 dead in floods in Pakistan
You may also like this video