Site iconSite icon Janayugom Online

5ജി നെറ്റ്‌വര്‍ക്ക് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; ലഹരിമാഫിയയുടെ പങ്ക് അന്വേഷിക്കും, മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ഹൈ-സ്പീഡ് 5ജി ടെലികോം നെറ്റ്‌വർക്കിനെ ലഹരിമാഫിയ ദുരുപയോഗം ചെയ്തേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തുവിട്ടത്. മയക്കുമരുന്ന് കടത്ത്, മനുഷ്യ‑അവയവ കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദികള്‍ക്ക് ധനസഹായം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കായി ഇടനിലക്കാർക്കും ഏജന്റുമാർക്കും മികച്ച അവസരം ഇത്തരത്തിലുള്ള നെറ്റ്‌വര്‍ക്കുകള്‍ നൽകിയേക്കാമെന്ന സൂചനയാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപിമാർ) എന്നിവരുടെ സമ്മേളനത്തിലാണ് ഇക്കാര്യം ചര്‍ച്ചാവിഷയമായത്. മൂന്ന് ദിവസത്തെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രിയെ കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, രാജ്യത്തെ 350 ഓളം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

സൈബര്‍ സുരക്ഷയ്ക്ക് പ്രാധാന്യമുള്ളതിനാല്‍ ആധികാരികമായുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമെ 5ജി അനുവദിക്കാവൂവെന്ന് സമ്മേളനം വിലയിരുത്തി. ഐഒടി സുരക്ഷയെക്കുറിച്ചുള്ള ഉപഭോക്തൃ വിദ്യാഭ്യാസം ആവശ്യമാണെന്നും ഉപകരണങ്ങൾ വാങ്ങേണ്ടത് വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നാണെന്നും ചൈന പോലുള്ള സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നല്ലെന്നും സുരക്ഷാ മാർഗങ്ങൾ നിർദ്ദേശിച്ചുകൊണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: 5G net­work may be abused; The role of drug mafia will be probed, the Cen­ter warned

You may also like this video

Exit mobile version