പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഇന്നലെ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തെ ദുരന്ത നിവാരണ ഏജൻസിയായ എ എഫ് എ ഡി ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി കെട്ടിടങ്ങൾ തകർന്നു വീണെങ്കിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇസ്താംബൂൾ, ഇസ്മിർ ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 7.53ഓടെയാണ് ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭൂകമ്പത്തെത്തുടർന്ന് ബാലികേസിർ പ്രവിശ്യയിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദുരന്തനിവാരണ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ 53000ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ജൂലൈ ആദ്യം ഇതേ മേഖലയിൽ ഉണ്ടായ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

