Site iconSite icon Janayugom Online

കോവിഡ് പിടിപെട്ടവരിൽ 6.5 ശതമാനം പേർ ഒരു വർഷത്തിനുള്ളിൽ മരിക്കുന്നു

കോവിഡ് പിടിപെട്ടവരിൽ 6.5 ശതമാനം പേർ ഒരു വർഷത്തിനുള്ളിൽ മറ്റ് രോഗങ്ങൾക്ക് കീഴ്പ്പെട്ട് മരിക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ വെളിപ്പെട്ടു. ലോകമെങ്ങുമുള്ള 31 ആശുപത്രികളിലായി 14,419 കോവിഡ് ബാധിതരെയാണ് പഠനത്തിന് വിധേയമാക്കിയത്. കോവിഡ് ആദ്യമായി പ്രത്യക്ഷപ്പെട്ട 2020 സെപ്റ്റംബർ 20 ന് ശേഷം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരിൽ തുടങ്ങി ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ബാധിച്ചവരെയും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കോവിഡ് പിടിപെടുന്നതിനു മുൻപ് വാക്സിൻ എടുത്തവരിലെ മരണനിരക്ക് 60 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തി. 

രോഗികളിൽ 17.1 ശതമാനം പേരിൽ ശ്വാസതടസം, രക്തസ്രാവം, ഏകാഗ്രതയില്ലായ്മ, മാനസിക പ്രശ്നങ്ങൾ എന്നിവ കണ്ടെത്തി. ഇത്തരക്കാരിലെ മരണനിരക്ക് മൂന്നിരട്ടിയായി വർധിച്ചതായും പഠനത്തിൽ വെളിപ്പെട്ടു. കോവിഡാനന്തരം മറ്റ് രോഗങ്ങൾക്ക് അടിമപ്പെടുന്നവരിൽ പ്രായവും ലിംഗവ്യത്യാസവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കോവിഡ് ബാധയുടെ പാർശ്വഫലമായി ഉണ്ടാകുന്ന അസുഖങ്ങൾ മൂലം വരും വർഷത്തെ മരണനിരക്കിൽ ഒമ്പത് ഇരട്ടി വർധനവാണ് ഉണ്ടായിട്ടുള്ളത്. മരണത്തിന് കീഴടങ്ങുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാരും പ്രായാധിക്യമുള്ളവരുമാണ്. സ്ത്രീകളേക്കാൾ 1.3 മടങ്ങാണ് പുരുഷന്മാരിലെ മരണനിരക്ക്. 60 വയസ് കഴിഞ്ഞവരുടെ മരണ സംഖ്യയാകട്ടെ ഇതിന്റെ ഇരട്ടി വരും. 

പതിനെട്ട് വയസിൽ താഴെയുള്ളവരുടെ മരണനിരക്കിലും വർധനവുണ്ട്. രോഗം പിടിപെട്ട് നാല് ആഴ്ചയ്ക്കും ഒരു വർഷത്തിനും ഉള്ളിൽ മരിക്കുന്നവരുടെ എണ്ണം 5.6 മടങ്ങാണ്. രോഗം ബാധിച്ച ശേഷം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന 18 വയസ് വരെയുള്ളവരിൽ നാല് ആഴ്ചയ്ക്കുള്ളിലെ മരണ നിരക്കിൽ 1.7 മടങ്ങ് വർധനവാണുള്ളത്. കോവിഡിന് ശേഷം വൃക്ക സംബന്ധമായ അസുഖങ്ങൾ, രക്തസ്രാവം തുടങ്ങിയവയാലാണ് മരണനിരക്ക് ഉയർന്നിട്ടുള്ളത്. കോവിഡ് ഭേദമായാലും അതുമായി ബന്ധപ്പെട്ട് മറ്റ് അസുഖങ്ങൾ ഉണ്ടാകുന്നതാണ് മരണനിരക്ക് കൂടാൻ കാരണം. കോവിഡ് ബാധിതരിൽ ഉണ്ടാകുന്ന ലിവർ സിറോസിസ്, വൃക്കരോഗങ്ങൾ തുടങ്ങിയവയെ ഗൗരവമായി കണ്ട് ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയ്ക്കാണ് പഠനം അടിവരയിടുന്നത്. കൃത്യമായ ഇടവേളകളിൽ ഡോക്ടർമാരുടെ നിരീക്ഷണവും പരിശോധനയും അത്യാവശ്യമാണ്. 

ലഘുവായി കോവിഡ് ബാധിച്ചവരും ഇക്കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ഭേദമായവരിൽ നീണ്ടു നിൽക്കുന്ന മറ്റ് രോഗങ്ങൾ പിടിപെട്ടാൽ അത് കോവിഡിന്റെ അനന്തര ഫലമാണെന്നതിൽ സംശയമില്ലെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദീര്‍ഘകാല കോവിഡിനും ശ്രദ്ധാപൂർവം ചികിത്സ തേടേണ്ടതുണ്ട്. അതേ സമയം വിട്ടുമാറാത്ത ചുമ, പനി തുടങ്ങിയ ലഘുവായ അനന്തരഫലങ്ങൾ ഉള്ളവർ കോവിഡ് വാക്സിന്റെ അധിക ഡോസ് എടുക്കേണ്ടതില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: 6.5 per­cent of those who con­tract Covid die with­in a year

You may also like this video

Exit mobile version