ഇസ്രയേലിന് 667 കോടി ഡോളറിന്റെ ആയുധ വില്പനയ്ക് യുഎസ് അംഗീകാരം നല്‍കി. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും സ്വയം പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഇസ്രയേലിനെ സഹായിക്കേണ്ടത് യുഎസ് ദേശീയ താല്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്നും പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
ഇസ്രയേലിലേക്കുള്ള വില്പന നാല് വ്യത്യസ്ത പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്. 380 കോടി ഡോളറിന് 30 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളാണ് ഇസ്രയേലിന് നല്‍കുക. റോക്കറ്റ് ലോഞ്ചറുകളും അഡ്വാൻസ്ഡ് ടാർഗെറ്റിങ് ഗിയറും ഘടിപ്പിക്കുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് മൊത്തം പാക്കേജിന്റെ ഏറ്റവും വലിയ ഭാഗം. 2023 ഒക്ടോബർ മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും പലസ്തീനികൾക്കെതിരെ വെടിയുതിർക്കാൻ ഇസ്രയേൽ സൈന്യം അപ്പാച്ചെ ഹെലികോപ്റ്ററുകൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.
198 കോടി ഡോളറിന് 3,250 ലൈറ്റ് ടാക്റ്റിക്കൽ വാഹനങ്ങളാണ് രണ്ടാം പാക്കേജ്. ഇസ്രയേൽ പ്രതിരോധ സേനയ്ക്കുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്നതിന് ഉദ്യോഗസ്ഥരെയും ലോജിസ്റ്റിക്സുകളെയും നീക്കാൻ ഇവ ഉപയോഗിക്കും. 2008 മുതൽ ഇസ്രയേൽ സേനയിലുള്ള കവചിത പേഴ്‌സണൽ കാരിയറുകളുടെ പരിഷ്കരണത്തിനായി 74 കോടി ഡോളർ കൂടി ചെലവഴിക്കുമെന്ന് വകുപ്പ് അറിയിച്ചു. ബാക്കി 15 കോടി ഡോളർ, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾക്കായി ചെലവഴിക്കും. അമേരിക്ക എല്ലാ വർഷവും ഇസ്രയേലിന് കോടിക്കണക്കിന് ഡോളറിന്റെ സൈനിക സാമഗ്രികൾ അയയ്ക്കുന്നുണ്ട്. പ്രധാനമായും സഹായമായിട്ടാണ് ഈ ആയുധങ്ങള്‍ നല്‍കുന്നത്. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തണമെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസ വിദഗ്ധരും നിരന്തരം അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസിന്റെ സെെനിക സഹായം ഗാസയിൽ വംശഹത്യ നടത്താനുള്ള ഇസ്രയേലിന്റെ കഴിവിനെ ശക്തിപ്പെടുത്തിയതായി യുഎന്നും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിനുള്ള പുതിയ ആയുധ പാക്കേജ് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ബാധിക്കില്ലെന്നും ഇവയെല്ലാം അതിർത്തികൾ, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിലൂടെ ഭീഷണികളെ നേരിടാനുള്ള ഇസ്രായേലിന്റെ കഴിവ് വർധിപ്പിക്കുമെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം. ഇസ്രയേലിന് പുറമേ 730 പാട്രിയറ്റ് മിസൈലുകളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ സൗദി അറേബ്യക്കുള്ള 900 കോടി ഡോളറിന്റെ വില്പനയ്ക്ക് അംഗീകാരം നൽകിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഗൾഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും നാറ്റോ ഇതര പ്രധാന സഖ്യകക്ഷിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നതിനാണ് സൗദിക്ക് സെെനിക വില്പന നടത്തുന്നതെന്ന് യുഎസ് വ്യക്തമാക്കി.

