Site iconSite icon Janayugom Online

60 കോടി രൂപയുടെ തട്ടിപ്പ്; ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്

വ്യവസായിയിൽ നിന്ന് കോടികൾ വാങ്ങി തിരികെ നൽകിയില്ലെന്ന പരാതിയിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ കേസ്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ വിപുലീകരണത്തിനായി നിക്ഷേപമായി നൽകിയ 60.48 കോടി രൂപ തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് വ്യവസായി ദീപക് കോത്താരിയാണ് പരാതി നൽകിയത്. മുംബൈ പൊലീസിൽ നൽകിയ പരാതി പിന്നീട് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന് കൈമാറി.

2015–16 കാലഘട്ടത്തിലാണ് ഈ സാമ്പത്തിക ഇടപാട് നടന്നത്. അന്ന് ശിൽപയും കുന്ദ്രയും ബെസ്റ്റ് ഡീൽ ടിവി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ പദവി വഹിച്ചിരുന്നു. 2015 ഏപ്രിലിൽ 31.95 കോടി രൂപയും 2016 മാർച്ചിൽ 28.54 കോടി രൂപയുമാണ് കോത്താരി കൈമാറിയത്. അന്ന് കമ്പനിയുടെ 87 ശതമാനം ഓഹരിയും ശിൽപ ഷെട്ടിയുടെ പേരിലായിരുന്നു. എന്നാൽ പിന്നീട് ശിൽപ ഷെട്ടി ഡയറക്ടർ സ്ഥാനം രാജിവെക്കുകയും കമ്പനിക്കെതിരെ പാപ്പരത്തക്കേസ് വരികയും ചെയ്തു. പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് കോത്താരി പരാതി നൽകിയത്. 

Exit mobile version