രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 61 വിദ്യാര്‍ത്ഥികള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക‌്നോളജി (എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവിടങ്ങളില്‍ 2018 മുതല്‍ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കണക്കാണിത്. 2018ല്‍ 11 വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 2019ല്‍ ഇത് 16 ആയി ഉയര്‍ന്നു. 2020, 21 വര്‍ഷങ്ങളില്‍ യഥാക്രമം അഞ്ച്, ഏഴ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പഠനം വീടുകളിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം വീണ്ടും 16 ആയി ഉയര്‍ന്നുവെന്നും കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് എംപി ലങ്കപ്പ ഹനുമന്തയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വിവരങ്ങള്‍ നല്‍കിയത്. ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഐഐടികളിലും എന്‍ഐടികളിലുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരു സ്ഥാപനങ്ങളിലുമായി 57 വിദ്യാര്‍ത്ഥികളാണ് ജീവിതം അവസാനിപ്പിച്ചത്. അക്കാദമിക സമ്മർദം, കുടുംബ, മാനസിക പ്രശ്നങ്ങള്‍ എന്നിവയാണ് ആത്മഹത്യയുടെ കാരണങ്ങളായി കേന്ദ്രം പറഞ്ഞത്.
അടുത്തിടെ ഐഐടി ബോംബെയില്‍ ദളിത് വിദ്യാര്‍ത്ഥി ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്തത് വന്‍ വിവാദമായിരുന്നു. ജാതി വിവേചനത്തെ തുടര്‍ന്നാണ് ദര്‍ശന്‍ ആത്മഹത്യ ചെയ്തതെന്നാണ് സഹോദരിയുടെയും മറ്റ് സാമൂഹിക പ്രവര്‍ത്തകരുടെയും ആരോപണം. എന്നാല്‍ സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ആഭ്യന്തര സമിതി ആരോപണം തള്ളിക്കളഞ്ഞു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകളെടുത്താല്‍ 2018 മുതല്‍ 33 വിദ്യാര്‍ത്ഥികളാണ് ഐഐടികളില്‍ മാത്രം ആത്മഹത്യ ചെയ്തത്. എന്‍ഐടികളില്‍ 24 വിദ്യാര്‍ത്ഥികളും ഐഐഎമ്മുകളില്‍ നാല് വിദ്യാര്‍ത്ഥികളും ജീവനൊടുക്കി. 2014–2021 കാലയളവില്‍ ഐഐടി, എന്‍ഐടി, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ 122 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2021ല്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ഇതില്‍ 58 ശതമാനവും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021ല്‍ മാത്രം 13,000 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.
English Summary: 61 students committed suicide in higher education institutions
You may also like this video