ഹിൻഡൻബർഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അഡാനി കമ്പനികളില്‍ നിക്ഷേപം നടത്തിയ മ്യൂച്വല്‍ ഫണ്ടുകളുടെ ജനുവരിയിലെ നഷ്ടം 6200 കോടി. ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് നഷ്ടം. ഇതോടെ അഡാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിലെ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകള്‍ കുറച്ചിട്ടുമുണ്ട്.
കഴിഞ്ഞ മാസം അഡാനി ഗ്രൂപ്പിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ ആകെ മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞ് 18,995 കോടി രൂപയിലെത്തി. ഡിസംബറില്‍ ഈ നിക്ഷേപങ്ങളുടെ മൂല്യം 25,187 കോടിയായിരുന്നു.
അഡാനി കമ്പനികളില്‍ ഏറ്റവും അധികം നിക്ഷേപമുള്ളത് എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനാണ്. എസ്ബിഐ നിക്ഷേപങ്ങളുടെ മൂല്യം 26 ശതമാനത്തോളം ഇടിഞ്ഞ് 4,126 കോടിയിലെത്തി. നാല്പതോളം മ്യൂച്വല്‍ ഫണ്ടുകള്‍ 25,235 കോടി രൂപയാണ് അഡാനി കമ്പനികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. അതേസമയം ഐസിഐസിഐ, ടാറ്റ, ആദിത്യ ബിര്‍ള, നിപ്പോണ്‍ ഉള്‍പ്പടെയുള്ളവര്‍ ദീര്‍ഘകാല ഫണ്ടുകളിലൂടെ അഡാനി ഗ്രൂപ്പിലെ നിക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്.
ഓഹരിവിലയിലെ കൃത്രിമവും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അഡാനി കമ്പനികളുടെ വിപണി മൂല്യം 50 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. ഇന്നലെയും അഡാനി ഗ്രീന്‍, അഡാനി പവര്‍, അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലായി.
അഡാനി എന്റർപ്രൈസസില്‍ മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം ഡിസംബറിലെ 1,32,12,030 ഓഹരിയില്‍ നിന്ന് 1,16,54,223 ഓഹരികളിലേക്ക് താഴ്ന്നു. 1.16 ശതമാനത്തിൽ നിന്ന് 1.02 ശതമാനമായിട്ടാണ് നിക്ഷേപം കുറഞ്ഞിരിക്കുന്നത്. അഡാനി ട്രാൻസ്മിഷനില്‍ 15,25,061 ഓഹരികളിൽ നിന്ന് 14,02,169 ആയി കുറച്ചു. അഡാനി ഗ്രീൻ എനർജിയിലും നിക്ഷേപം വെട്ടിക്കുറച്ചിട്ടുണ്ട്. എസിസി, അഡാനി പോർട്‌സ് ആന്റ് സെസ്, അഡാനി പവർ, അഡാനി വിൽമർ എന്നിവയില്‍ നിക്ഷേപം നേരിയതോതില്‍ കൂടി.
വിദേശനിക്ഷേപം എത്തിക്കാൻ നീക്കം
മുംബൈ: മൂലധന സമാഹരണത്തിനായി പശ്ചിമേഷ്യൻ നിക്ഷേപകരെ ലക്ഷ്യമിട്ട് നീക്കം ശക്തമാക്കി അഡാനി ഗ്രൂപ്പ്. മതിയായ അളവില്‍ പണം കരുതൽ ശേഖരമുണ്ടെന്നും കമ്പനികൾക്ക് കടങ്ങൾ പുനഃക്രമീകരിക്കാന്‍ കഴിയുമെന്നും നിക്ഷേപകരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
അഡാനി ഗ്രൂപ്പിൽ കഴിഞ്ഞ വർഷം 200 കോടി ഡോളർ നിക്ഷേപിച്ച ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി (ഐ എച്ച്സി) അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടി (എഡിഐഎ) എന്നിവയുമായാണ് ചർച്ചകള്‍ നടക്കുന്നത്. യുഎഇ പ്രസിഡന്റ് കൂടിയായ അബുദാബി ഭരണാധികാരി മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങളാണ് ഇവ. അഡാനി എന്റര്‍പ്രൈസസ് പിൻവലിച്ച ഓഹരി തുടർവില്പന (എഫ‌്പിഒ) യിൽ ഗണ്യമായ നിക്ഷേപത്തിന് ഇവർ തയ്യാറായിരുന്നു.
2.26 ലക്ഷം കോടിയാണ് അഡാനി ഗ്രൂപ്പിന്റെ മൊത്ത കടം. വരുമാനത്തിന്റെ 81 ശതമാനവും അടിസ്ഥാന സൗകര്യ വ്യവസായങ്ങളിൽ നിന്നാണെന്നും ഇത് സ്ഥിരമായ പണമൊഴുക്ക് സൃഷ്ടിക്കുന്നുണ്ടെന്നും കമ്പനിയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: 6200 crore loss of mutual funds
You may also like this video