Site iconSite icon Janayugom Online

കേരള ഫീഡ്സിന് 621 കോടിയുടെ മൊത്ത വില്പന; 44 കോടിയുടെ വർധന

പൊതുമേഖലാ കാലിത്തീറ്റ ഉല്പാദകരായ കേരള ഫീഡ്സ് 2022–23 സാമ്പത്തികവര്‍ഷത്തിൽ 621 കോടിയുടെ മൊത്തവില്പന നേടി. 2021–22ൽ ഇത് 577 കോടിയായിരുന്നു.
44 കോടി രൂപയുടെ വളർച്ചയാണ് ഇക്കുറി വില്പനയിൽ കേരള ഫീഡ്സ് നേടിയത്. കാലിത്തീറ്റ വിപണിയിലെ മികച്ച സ്വീകാര്യതയുടെ തെളിവാണ് കേരള ഫീഡ്സ് ഉല്പന്നങ്ങൾക്ക് ലഭിച്ച മികച്ച വില്പന. കമ്പനിയുടെ അഭിമാന ഉല്പന്നങ്ങളായ കേരള ഫീഡ്സ് മിടുക്കി, എലൈറ്റ്, ഡെയറി റിച്ച് പ്ലസ്, കേരമിൻ മിനറൽ മിക്സ്ചര്‍, മിൽക്ക് ബൂസ്റ്റർ, ആട്, മുയൽ, കോഴി എന്നിവയ്ക്കുള്ള തീറ്റകളുടെ വില്പനയാണ് ഈ വർഷവും മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ചത്.
മൊത്തവരുമാനമായ 621 കോടിയിൽ 80 ശതമാനവും സമാഹരിച്ചത് പൊതുവിപണിയിലെ വില്പനയിലൂടെയാണ്. മൃഗസംരക്ഷണവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ വിവിധ സർക്കാർ പദ്ധതികളിലൂടെ 20 ശതമാനം തുക സമാഹരിക്കാനായി. ക്ഷീരകർഷകർക്കായി സംസ്ഥാന സർക്കാർ നിർദേശിക്കുന്ന ഏതു പദ്ധതിക്കും ആവശ്യമായ കാലിത്തീറ്റ നൽകാൻ കമ്പനി സദാ സന്നദ്ധമാണെന്ന് കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ പറഞ്ഞു.
സുരക്ഷിതമായ പാല്‍, ആരോഗ്യമുള്ള പശുവെന്ന കേരള ഫീഡ്സിന്റെ ആപ്തവാക്യം സംസ്ഥാനത്തെ ക്ഷീരകർഷകർ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് എംഡി പറഞ്ഞു. ഇത് ക്ഷീരോല്പാദനം കൂട്ടാനും കർഷകരുടെ ഉല്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും. യുവകർഷകരെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാനുള്ള ഘടകമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

നടപ്പു സാമ്പത്തികവർഷം സർക്കാരിൽ നിന്നുള്ള ധനസഹായം കൂടി ഉപയോഗിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് വിലക്കുറവിൽ കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്കൃത പദാർത്ഥങ്ങൾ സംഭരിക്കാനുള്ള പരിശ്രമത്തിലാണ് കേരള ഫീഡ്സ്. ഇതു വഴി കേരളത്തിലെ ക്ഷീര കർഷകർക്ക് ന്യായമായ വിലയ്ക്ക് ഗുണമേൻമയുള്ള കാലിത്തീറ്റ സ്ഥിരമായി ലഭ്യമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിത്തീറ്റ നിർമ്മാണത്തിനും മറ്റുമായി 25 ഏക്കറിൽ ചോളക്കൃഷിയും കേരള ഫീഡ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.
കൂടുതൽ ഉല്പന്നങ്ങൾ വില്പന നടത്തിയ ഡീലർമാരെയും സൊസൈറ്റികളെയും സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും ആദരിക്കുന്ന ചടങ്ങ് മേയ് 30ന് നടക്കും.
ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകരെ കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബാസിഡറായ ജയറാം ആദരിക്കും. 

Eng­lish Sum­ma­ry: 621 crore gross sales for Ker­ala Feeds; 44 crores increase

You may also like this video:

Exit mobile version