ഓടുന്ന ട്രെയിനിൽ നിന്ന് 64കാരിയെ തള്ളിയിട്ട് ബാഗ് കവർന്ന കേസിലെ പ്രതി പിടിയിലായി. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വയോധികയുമായി പിടിവലിയുണ്ടായതിനെ തുടർന്ന് ട്രെയിനിൽ നിന്ന് പുറത്തുവീണ പ്രതി ബാഗ് കവർന്ന ശേഷം കോഴിക്കോട്ടുനിന്ന് മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനം വിടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ യഥാർത്ഥ വിവരങ്ങൾ തിരിച്ചറിയാനായിട്ടില്ല. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സമ്പർക്ക് ക്രാന്തി എക്സ്പ്രസ്സിലെ എസ് വൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന അമ്മിണിയാണ് ഇന്നലെ പുലർച്ചെ ആക്രമിക്കപ്പെട്ടത്. ട്രെയിൻ കോഴിക്കോട് അടുക്കാറായ സമയത്ത് പുലർച്ചെ നാലരയോടെ ശുചിമുറിക്ക് സമീപം വെച്ച് മോഷ്ടാവ് ഇവരുടെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചപ്പോൾ അമ്മിണിയെ മോഷ്ടാവ് ചവിട്ടി ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടു. അമ്മിണിക്കൊപ്പമുണ്ടായിരുന്ന സഹോദരൻ ബഹളം വെച്ചതിനെ തുടർന്ന് സഹയാത്രികർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. അമ്മിണിയുടെ തലയ്ക്ക് നാല് തുന്നലുണ്ട്. മോഷ്ടാവ് കവർന്ന ബാഗിൽ 8000 രൂപയും മൊബൈൽ ഫോണുമായിരുന്നു ഉണ്ടായിരുന്നത്. കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

