Site iconSite icon Janayugom Online

നവംബറിൽ 645 മഴക്കെടുതി സംഭവങ്ങൾ

നവംബറിൽ മാത്രം രാജ്യത്ത് 645 മഴക്കെടുതി സംഭവങ്ങൾ ഉണ്ടായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൽ 168 എണ്ണത്തിൽ അതിതീവ്രമായ മഴയാണ് പെയ്തിറങ്ങിയത്. അഞ്ചുവർഷത്തിനിടെയിലുള്ള ഏറ്റവും വലിയ മഴയാണ് നവംബറിൽ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളം ഉള്‍പ്പെടുന്ന ഇന്ത്യൻ ഉപദ്വീപിലാണ് അതിതീവ്ര മഴ ഏറ്റവുമധികം ലഭിച്ചിരിക്കുന്നത്. മഴക്കെടുതികളിൽ ആന്ധ്രാപ്രദേശ്-44 തമിഴ്‌നാട്- 16 കർണാടക-15, കേരളം- മൂന്ന് എന്നിങ്ങനെ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നവംബറിൽ 204.5 മില്ലിമീറ്ററിലധികം മഴ ലഭിച്ച 11 സംഭവങ്ങളാണ് രാജ്യത്ത് ഉണ്ടായത്. 2019 നവംബറിൽ ഇത്തരത്തിൽ ഒരു മഴപോലും ലഭിച്ചിട്ടില്ല. 2018ൽ നാലും 2017ൽ ഒന്നും സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഈ വർഷം നവംബറിൽ 645 തവണകളിലായി 64.4 മുതൽ 115.5 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 168 അതിതീവ്ര മഴകളിൽ 11.5 മുതൽ 115.5 മില്ലീമീറ്റർ മഴവരെ പെയ്തു. അപ്രതീക്ഷിതമായി ഉടലെടുത്ത അഞ്ച് ന്യൂനമര്‍ദ്ദങ്ങളാണ് ഈ പെരുമഴയ്ക്ക് കാരണമായത്.
കഴിഞ്ഞ നാലു വർഷങ്ങളിലെ മൊത്തം തീവ്ര മഴകളുടെ കണക്കിനേക്കാൾ അധികമാണ് ഈ നവംബറിൽ പെയ്തതെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇന്ത്യൻ ഉപദ്വീപിൽ സാധാരണ ശരാശരിയായ 89.5 മില്ലിമീറ്ററിന്റെ സ്ഥാനത്ത് 232.7 മില്ലിമീറ്റർ മഴയാണ് നവംബറിൽ ലഭിച്ചത്. 1901 മുതൽ നവംബർ മാസത്തിലെ ഏറ്റവും വലിയ കണക്കാണിത്. രാജ്യത്താകെ 85.4 ശതമാനം അധികമഴ ലഭിച്ചു. ശരാശരി 30.5 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന സ്ഥാനത്ത് 56.5 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഉപദ്വീപില്‍ ഈ മാസവും സാധാരണയിലധികം മഴ ലഭിക്കുമെന്നാണ് പ്രവചനം.
1961 മുതൽ 2010 വരെയുള്ള കണക്കുകൾ പ്രകാരം ഡിസംബറിലെ ശരാശരി മഴ 44.54 മില്ലിമീറ്റർ ആണ്. ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ, മധ്യ, വടക്കു-കിഴക്കൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഈ മാസം സാധാരണ മഴയായിരിക്കും ഉണ്ടാവുക എന്നും റിപ്പോർട്ടിൽ പറയുന്നു. 

Eng­lish Sum­ma­ry: 645 rain dis­as­ter inci­dents in November

Exit mobile version