Site iconSite icon Janayugom Online

മഹാരാഷ്ട്രയിൽ ആറ് മാസത്തിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം 65 ശിശുമരണങ്ങൾ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ആദിവാസി ആധിപത്യമുള്ള മെൽഘട്ട് മേഖലയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് വെറും ആറുമാസത്തിനുള്ളിൽ 65 കുട്ടികൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 2025 ജൂൺ മുതൽ നവംബർ വരെയാണ് 65 ശിശുമരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് രേവതി മോഹിതെ ദേരെ, ജസ്റ്റിസ് സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്ഥിതിഗതികളെ ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ചു. സർക്കാരിൻ്റെ സമീപനം ‘അങ്ങേയറ്റം അവഗണനയും വിവേചനവും’ നിറഞ്ഞതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2006 മുതൽ സർക്കാർ ഈ പ്രശ്നത്തിൽ പര്യാപ്തമായ നടപടികൾ കൈക്കൊള്ളാനാകാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

പൊതുജനാരോഗ്യം, ഗോത്രവികസനം, വനിതാ-ശിശുക്ഷേമം, ധനകാര്യം എന്നീ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ നവംബർ 24ന് നേരിട്ട് ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. മെൽഘട്ടിലെ ആരോഗ്യ വ്യവസ്ഥയുടെ ദയനീയാവസ്ഥയും ആദിവാസി ഗ്രാമങ്ങളിലെ മെഡിക്കൽ ജീവനക്കാരുടെ കടുത്ത ക്ഷാമവും കോടതി നിരീക്ഷിച്ചു. ദുരിത മേഖലകളിൽ സേവനമനുഷ്ഠിക്കാൻ താൽപ്പര്യം കാണിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഉയർന്ന ശമ്പളമോ പ്രോത്സാഹനങ്ങളോ നൽകേണ്ടതിൻ്റെ ആവശ്യകതയും കോടതി മുന്നോട്ടുവെച്ചു. മതിയായ മനുഷ്യശക്തിയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാതെ പോകുന്നുവെങ്കിൽ, ഈ പ്രതിസന്ധി നിയന്ത്രണാതീതമായി തുടരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

Exit mobile version