Site iconSite icon Janayugom Online

ഓ ഇനി നിന്നിട്ടു കാര്യമില്ല; 6500 ഓളം അതിസമ്പന്നര്‍ രാജ്യം വിടുന്നുവെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം ഏകദേശം 6500 ഓളം അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ 2023ലെ റിപ്പോര്‍ട്ടിലാണ് 6500 ഓളം സമ്പന്നര്‍ ഈ വര്‍ഷം ഇന്ത്യ വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് അതിസമ്പന്നരിൽ പലരും വിദേശത്തേക്ക് പോകുന്നത്? അവർ ഏതൊക്കെ രാജ്യങ്ങളിലേക്കാണ് ചേക്കറുന്നത്? ഇന്ത്യയിലെ ഉയർന്ന നികുതിയും സങ്കീര്‍ണമായ നിയമങ്ങളുമാണ് കോടീശ്വരന്മാരിൽ പലരും ഇന്ത്യ വിട്ടു പോകാൻ കാരണമെന്ന് സാമ്പത്തിക രംഗത്തു പ്രവര്‍ത്തിക്കുന്ന സുനിത സിങ് ദലാല്‍ ഇന്ത്യൻ എക്സ്പ്രസിനോട് പറ‍ഞ്ഞു. സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ക്രിപ്‌റ്റോയെ അനുകൂലിക്കുന്ന സർക്കാരുകൾ എന്നിവ പോലുള്ള മറ്റ് നിരവധി ഘടകങ്ങളും ഈ രാജ്യം വിടലിന് കാരണമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ നിന്നാവും ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുടെ പലായനം ഉണ്ടാകുക. 13,500 അതിസമ്പന്നര്‍ ചൈന വിട്ടു പോകുമെന്നാണ് ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടിൽ പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയിലെ പൊതു സമ്പത്തിന്റെ വളർച്ച മന്ദഗതിയിലാണ് എന്നും ഈ കൊഴിഞ്ഞുപോക്ക് പതിവിലും കൂടുതൽ രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ന്യൂ വേൾഡ് വെൽത്തിലെ ഗവേഷണ മേധാവി ആൻഡ്രൂ അമോയിൽസ് ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 7,500 മില്യണയര്‍മാരാണ് ഇന്ത്യ വിട്ടു പോയത്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ ഡാഷ്ബോര്‍ഡ് 2023 റിപ്പോര്‍ട്ട് പ്രകാരം, മുന്‍വര്‍ഷത്തെ കണക്കില്‍ നിന്നും കുറവാണ് ഈ വര്‍ഷത്തെ കൊഴിഞ്ഞുപോക്ക്. 8.2 കോടി രൂപയോ (ഒരു മില്യണ്‍ യു എസ് ഡോളര്‍) അതില്‍ കൂടുതലോ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
യുകെയിൽ നിന്ന് 3,200 സമ്പന്നർ ഈ വർഷം മറ്റു രാജ്യങ്ങളിലേക്ക് പോകുമെന്നും റഷ്യയിൽ നിന്നും 3,000 സമ്പന്നർ രാജ്യം വിടുമെന്നും ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടിൽ പറയുന്നു. ദുബായ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ് രാജ്യം വിടുന്ന സമ്പന്നരായ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളെന്ന് വിദഗ്ധർ പറയുന്നു. ദുബായിലെ ഗോള്‍ഡന്‍ വിസ പദ്ധതി, മെച്ചപ്പെട്ട നികുതിസംവിധാനം, മികച്ച വ്യവസായ അന്തരീക്ഷം തുടങ്ങിയ കാര്യങ്ങളാണ് പലരെയും ആകർഷിക്കുന്നത്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ കുടിയേറുന്ന രാജ്യം ഓസ്‌ട്രേലിയ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാകുന്നു. 52,00 അതിസമ്പന്നരാകും ഇവിടേയ്ക്ക് എത്തുക. യുഎഇയിലേക്ക് 4,500 പേര്‍ എത്തും. സിംഗപ്പൂരിലേക്ക് 3,200 അതിസമ്പന്നരും അമേരിക്കയിലേക്ക് 2,100 അതിസമ്പന്നരും ഈ വർഷം എത്തും എന്നാണ് റിപ്പോർട്ട്.

eng­lish summary;6,500 Ultra Rich Indi­vid­u­als Like­ly To Leave India In 2023, Aus­tralia To Gain The Most, Report

you may also like this video;

Exit mobile version